കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതു-വലതുമുന്നണികൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്‌ണദാസ്. കേരളത്തിലെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതു-വലതുമുന്നണികൾ യോജിച്ച ചരിത്രമില്ല. രാഷ്‌ട്രവിരുദ്ധ താല്‍പര്യം സംരക്ഷിക്കാനാണ് കോൺഗ്രസ്-കമ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ച് നിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനുമുമ്പ് മഅ്ദനിക്ക് വേണ്ടിയാണ് ഇരുപക്ഷവും ഒരുമിച്ചത്. കേരളത്തിലെയോ രാജ്യത്തെയോ മുസ്ലീംകൾക്ക് പൗരത്വ നിയമത്തിന്‍റെ പേരിൽ പ്രശ്നങ്ങളില്ല. പിന്നെ ആർക്കുവേണ്ടിയാണ് ഇവർ ധർണ നടത്തുന്നത്. പാർലമെന്‍റ് പാസാക്കി നിയമമായി മാറിയ പൗരത്വ ബിൽ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.