എറണാകുളം: മോദിയുടെ ക്രിസ്‌മസ് വിരുന്നിൽ പങ്കെടുത്ത വൈദികർ വിചാരധാര വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം( Binioy vishwam about Narendra Modi Christmas virunn ). വിരുന്നിന് ക്ഷണിച്ചാൽ പങ്കെടുക്കുന്നതിൽ തെറ്റില്ലന്നും അതിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരധാരയിൽ രാജ്യത്തെ ആഭ്യന്തര ഭീഷണിയിൽ രണ്ടാമത്തെ വിഭാഗമായി ചൂണ്ടിക്കാണിക്കുന്നത് കൃസ്ത്യാനികളെയാണ്. ഇന്ത്യയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെന്നും, വിദേശപണം വാങ്ങി മതപരിവർത്തനം സംഘടിപ്പിക്കുന്നവരെന്നും ആരോപണം ഉന്നയിക്കുന്നു. ഗോൾവാക്കറുടെ വിചാരധാര നരേന്ദ്ര മോദിയോ, ബിജെപിയോ തള്ളി പറയാത്ത കാലം വരെ അവർ കളിക്കുന്നത് നാടകമാണ്.
ന്യൂനപക്ഷ വേട്ട ശൈലിയാക്കി മാറ്റിയവർ. വിശ്വാസത്തിന്‍റെ പേരിൽ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്നവർ പെട്ടന്ന് വന്ന് ഉണ്ണാൻ ക്ഷണിച്ചാൽ, പോകുന്നതിൽ കുഴപ്പമില്ല. എന്നാൽ അവരെ വിരുന്നിന് ക്ഷണിച്ച രാഷ്ട്രീയ ലക്ഷ്യവും കെണിയും അവർക്ക് ബോധ്യമാകാനുള്ള വിവേകമുണ്ടെന്ന് ഉറപ്പാണ്. നമ്മൾ അവരെ പഠിപ്പിക്കാൻ ആളല്ല. അവരൊക്കെ വലിയ മനുഷ്യരാണെന്നും ബിനോയി വിശ്വം പറഞ്ഞു.
കേരളത്തിലെ മോദിയുടെ പ്രതീക്ഷ മലർപ്പൊടിക്കാരന്‍റെ പ്രതീക്ഷ ആണ് . ആയിരം ലഞ്ച് കൊടുത്താലും കേരളത്തിലെ യാഥാർഥ്യ ബോധമുള്ള ക്രിസ്ത്യൻ സഹോദരങ്ങൾ മോദിയുടെ പാർട്ടിക്ക് വോട്ട് ചെയ്യാൻ പോകില്ല. ബാബരി മസ്‌ജിദ് പൊളിച്ച് അമ്പലം പണിത ബിജെപിക്ക് മുസ്ലീം വോട്ടുകളും കിട്ടില്ല.
ഹിറ്റ്ലറുടെ പ്രസംഗ ശൈലി മോദി കടം കൊണ്ടിരിക്കുന്നു. പ്രസംഗത്തിൽ നുണകൾ വീണ്ടും പറയുക വഴി സത്യം ആണെന്ന് സമര്‍ത്ഥിക്കുന്ന ഹിറ്റ്ലർ തന്ത്രത്തിന്‍റെ ഭാഗമാണിത്. സ്ത്രീകളെ പറ്റി വാചാലൻ ആവുന്ന മോദി ഇന്ത്യയുടെ ഭൂപടം ഒന്ന് നിവർത്തി വക്കുക.മണിപ്പൂർ എന്ന സംസ്ഥാനം കാണാൻ പറ്റും. ഏട്ട് മാസം ആയിട്ടും ഒരുതവണ പോലും കലാപ മടങ്ങാത്ത മണിപ്പൂരിലേക്ക് മോദി പോയിട്ടില്ല, അവിടുത്തെ സ്ത്രീകളെ കണ്ടിട്ടില്ല. പോയില്ല എങ്കിലും മാപ്പ് ഇരക്കുന്നു എന്ന് എങ്കിലും പറഞ്ഞിരുന്നു എങ്കിൽ ഈ പ്രസംഗത്തിനു കുറച്ചെങ്കിലും വിശ്വാസത വന്നേനെയെന്നും ബിനോയി വിശ്വം അഭിപ്രായപ്പെട്ടു.
നുണ നൂറ്റിയൊന്ന് ആവർത്തിക്കാൻ വേണ്ടി മാത്രമുള്ള നാക്കുമായി മോദി പ്രചാരണത്തിന് പരക്കം പായുകയാണ്. പാഴായി പോയ മോഡീസ് ഗ്യാരന്‍റികളുടെ പരമ്പര തന്നെ കേരളത്തിൽ കാണാൻ കഴിയും. കർഷകന്‍റെ വരുമാനം രണ്ടിരട്ടി വർധിപ്പിക്കും എന്ന് പറഞ്ഞത് എവിടെ . മിനിമം താങ്ങുവില ഗ്യാരന്‍റിക്ക് എന്ത് പറ്റി? രണ്ട് കോടി തൊഴിൽ അവസരങ്ങൾ നൂറ് സ്‌മാർട്ട് സിറ്റികൾ, 6 ലക്ഷം ഗ്രാമങ്ങളിൽ സൈബർ കണക്‌ടിവിറ്റി തുടങ്ങിയവ ഗ്യാരന്‍റികൾ ആയിരിന്നു. ഇവയൊക്കെ എവിടെയെന്നും ബിനോയ് വിശ്വം ചോദിച്ചു. കേരളത്തെ പറ്റി മോദി പച്ച കള്ളം പറഞ്ഞു. നമുക്ക് ലഭിക്കേണ്ടത് ഒന്നും കിട്ടുന്നില്ല.
യുജിസി ശമ്പള കുടിശിക എപ്പോൾ കിട്ടും, ഈ സാമ്പത്തിക വർഷത്തിൽ 5000 കോടി കടം എടുക്കാൻ അർഹത ഉണ്ട്. നടപടികൾ പൂർത്തിയാക്കിയിട്ട് ഒരുപാട് നാളായെങ്കിലും ഇത് വരെ കിട്ടിയിട്ടില്ല. കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്ന പതിവുണ്ട്. പക്ഷെ നമുക്ക് അവകാശപ്പെട്ടത് പോലും കിട്ടിയിട്ടില്ല. മോഡിയുടെ ചിത്രം കാണിക്കാത്തത് കൊണ്ട് പണം തരില്ല എന്ന രീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണണം, ചോദ്യങ്ങൾക്ക് ഉത്തരം പറയണം. 2014 ന് ശേഷം എത്ര തവണ പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടു? ഞാൻ പറയുന്നത് കേൾക്കണം അങ്ങോട്ട് ഒന്നും പറയണ്ട എന്നത് ജനാധിപത്യത്തിന്‍റെ ഭാഷയല്ല, ഹിറ്റ്ലറുടെ രീതിയാണ് ആണന്നും ബിനോയ് വിശ്വം പറഞ്ഞു.