എറണാകുളം: മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്ന് നടൻ ബിജു മേനോൻ. അവാര്‍ഡ് നേട്ടത്തെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അവസരത്തിൽ തനിക്ക് ഓർക്കാനും നന്ദി പറയാനുമുള്ളത് സംവിധയകൻ സച്ചിയോട് മാത്രമാണെന്ന് നടന്‍ പറഞ്ഞു.
ഈയൊരു സന്തോഷം കാണാൻ സച്ചി ഇല്ലായെന്ന വേദന മാത്രമാണുള്ളത്. പുരസ്‌കാരം സച്ചിക്കും, തന്‍റെ അച്ഛനും, അമ്മയ്‌ക്കുമായി സമർപ്പിക്കുന്നു. ഓരോ പുരസ്‌കാരങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണെന്നും ഈ അവാർഡ് എനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ബിജു മേനോന്‍ പറഞ്ഞു.
രണ്ട് വർഷം മുമ്പ് പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ് അയ്യപ്പനും കോശിയും. ഈ സിനിമയുടെ ആലോചന തൊട്ട് താനും സച്ചിയോടൊപ്പം ഉണ്ടായിരുന്നു. ആദ്യം ചെറിയ ക്യാൻവാസിലാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീടത് കൊമേഷ്യൽ സിനിമയാക്കി മാറ്റുകയായിരുന്നു.
വലിയ മത്സരം നേരിട്ടാണ് ഈ സിനിമ പരിഗണിക്കപ്പെട്ടതെന്നാണ് മനസിലാക്കുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കാറുണ്ട്. ഈ അവാർഡ് നേട്ടം സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നതിന് ഏറെ പ്രചോദനമാണ്.
മലയാള സിനിമയുടെ നിലവാരം വളരെയധികം കൂടിയെന്നാണ് ദേശീയ പുരസ്‌കാരങ്ങൾ മലയാളത്തിലേക്ക് വരുന്നത് സൂചിപ്പിക്കുന്നത്. പ്രേക്ഷകർ എന്നും കൂടെയുണ്ടാവണം, എല്ലാവരോടും നന്ദി പറയുന്നതായും ബിജു മേനോൻ പറഞ്ഞു.