ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ പടർന്നുപിടിച്ച തീ അണച്ചെന്ന് ജില്ലാ ഭരണകൂടം. അഗ്‌നിശമനസേനയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നാല് ദിനരാത്രങ്ങള്‍ കൊണ്ട് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സാധാരണ നിലയിലേക്കെത്തിയത്.
വെളളിയാഴ്ച രാത്രിയോടെയായിരുന്നു മാലിന്യ പ്ലാന്‍റിൽ തീപിടുത്തമുണ്ടായത്. രണ്ടുമാസത്തിനിടെ പ്ലാന്‍റിലുണ്ടാകുന്ന നാലാമത്തെ തീപിടുത്തമാണിത്. തീ അണക്കാനായെങ്കിലും മാലിന്യകൂമ്പാരത്തിനുളളിലെ പ്ലാസ്റ്റിക് പുകഞ്ഞ് കത്തുന്നതാണ് വെല്ലുവിളി ഉയർത്തിയിരുന്നത്. അപകടാവസ്ഥ പൂര്‍ണമായും ഇല്ലാതായെങ്കിലും അഗ്നിശമനസേനയും പൊലീസും ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 24 അഗ്നിശമനസേനാ യൂണിറ്റുകളാണ് ബ്രഹ്മപുരത്തുണ്ടായിരുന്നത്. ഉന്നത മര്‍ദ്ദത്തില്‍ വെള്ളം പമ്പു ചെയ്യുന്നതിനുള്ള 10 പമ്പുകളും ഇടതടവില്ലാതെ പ്രവര്‍ത്തിച്ചു. മാലിന്യക്കൂന ഇളക്കിമറിച്ച് കനല്‍ കെടുത്താന്‍ 14 ഹിറ്റാച്ചികളും ബ്രഹ്മപുരത്തെത്തിച്ചിരുന്നു. നഗരത്തിലും പരിസരത്തും പുക പടര്‍ന്നതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് ഓരോ മണിക്കൂറിലും വായുവിന്‍റെ നിലവാരം വിലയിരുത്തിയിരുന്നു. വായൂമലിനീകരണ തോത് നിര്‍ണയിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ ഘടകങ്ങള്‍ അനുവദനീയമായ തോതിലായിരുന്നു ഉണ്ടായിരുന്നത്
അതേ സമയം പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം അരംഭിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. പ്ലാന്‍റിന്‍റെ നിര്‍മാണ രേഖകളും പ്രവര്‍ത്തന വിവരങ്ങളും സിറ്റി കോര്‍പ്പറേഷനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. അട്ടിമറി ശ്രമമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തില്‍ ഫോറന്‍സിക് പരിശോധനയും നടത്തും.
അതേസമയം തീപിടിത്തത്തേത്തുടര്‍ന്ന് നഗരത്തില്‍ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. പലയിടങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നഗരത്തില്‍ നിന്നുള്‍പ്പെടെ പ്രതിദിനം 360 ടണ്‍ മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്‍റിലെത്തിച്ചിരുന്നത്. മാലിന്യനീക്കം പുനസ്ഥാപിക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.