എറണാകുളം: ബെവ്കോ ഔട്ട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി. പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശം. ബെവ്കോ ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്‌ത് സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവാണ്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. കേരളത്തിൽ മുന്നൂറിൽ പരം ഔട്ട്ലറ്റുകൾ മാത്രമാണുള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ കൂടുതൽ മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ടന്നും കോടതി ചൂണ്ടികാണിച്ചു.
അതേ സമയം ഔട്ട്ലെറ്റുകളിലെ തിരക്ക് കുറക്കാൻ നടപടി സ്വീകരിച്ചുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തൃശൂർ കുറുപ്പം റോഡിലെയും ഹൈക്കോടതി പരിസരത്തെയും ഔട്ട്ലെറ്റ് പൂട്ടിയെന്നും സർക്കാർ അറിയിച്ചു.
മദ്യശാലകൾക്ക് മുമ്പിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തെ എക്സൈസ് കമ്മിഷണർക്കും, ബെവ്കോ എംഡിക്കും കോടതി നിർദേശം നൽകിയിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് ബെവ്കോ എംഡിയും, എക്സൈസ് കമ്മിഷണറും ഓൺലൈനായി കോടതിയിൽ ഹാജരായി. കോടതിയലക്ഷ്യകേസ് പരിഗണിക്കുന്നത് മുപ്പതാം തിയ്യതിയിലേക്ക് മാറ്റി.
READ MORE: മദ്യം വൈകും; ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല