എറണാകുളം: പ്രളയ ഫണ്ട് തട്ടിപ്പിന് പിന്നിൽ സിപിഎമ്മിലെ വൻ സ്രാവുകളെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി. ഈ കേസിൽ ഒളിവിലുള്ള പ്രതികൾ പിടിയിലായാൽ ഇവരുടെ പങ്ക് വ്യക്തമാകും. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളാണിവർ. അന്വേഷണം അട്ടിമറിക്കാനാണ് കുറ്റപത്രം വൈകിപ്പിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. പൊലീസും സർക്കാരും മാർക്‌സിസ്റ്റ് പാർട്ടിയും ആലോചിച്ച് നടപ്പിൽ വരുത്തിയ വലിയ തട്ടിപ്പാണിത്. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്ക് തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരിക്കാനുള്ള എന്ത് കാരണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉദ്യോഗസ്ഥൻമാർ ഈ നാടകം കളിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് വ്യക്തമായ തെളിവുണ്ട്. എറണാകുളം കലക്‌ടറേറ്റിലെ നാല് ജൂനിയർ സൂപ്രണ്ട്മാർക്ക് ഈ ക്രമക്കേടിൽ പങ്കുണ്ട്. എഴുപത് ലക്ഷം രൂപയുടെ പുതിയ കേസും ഉണ്ടായിരിക്കുന്നു. ദുരിതാശ്വാസ നിധിയെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രിക്ക് ആത്മാർത്ഥയുണ്ടെങ്കിൽ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. പ്രളയ തട്ടിപ്പ് കേസിൽ സർക്കാർ ഒത്തുകളി ആരോപിച്ച് കൊച്ചിയിൽ ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയും ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു.