എറണാകുളം : കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലെ പ്രധാന പ്രതി രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിച്ച് ജൂൺ എട്ട് വരെയാണ് എറണാകുളം എസിജെഎം കോടതി കസ്റ്റഡി അനുവദിച്ചത്. കർണാടകയിലെ കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന രവി പൂജാരിയെ ബെംഗളൂരു സെഷൻസ് കോടതിയുടെ അനുമതിയോടെ മൂന്നുമാസം മുമ്പ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് മുംബൈ പൊലീസിന്‍റെ കസ്റ്റഡിയിലായതിനാൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നില്ല. മുംബൈ പൊലീസിന്‍റെ കസ്റ്റഡി അവസാനിച്ചതോടെയാണ് രവി പൂജാരിയെ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയെ സമീപിച്ചത്. അധോലോക കുറ്റവാളിയെ കസ്റ്റഡിയിൽ എടുക്കാനായി ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസം പരപ്പന അഗ്രഹാര ജയിലിലെത്തും. പ്രതിയെ വെടിവയ്പ്പ് നടന്ന കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
also read: അക്ഷരയ്ക്കും അനന്തുവിനും തൊഴില്‍ വേണം, ഒടുങ്ങാത്ത അവഗണനയിലും ജീവിതം കരുപ്പിടിപ്പിക്കാന്‍
2019 ഡിസംബർ 15നാണ് നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചത്. എറണാകുളം സ്വദേശികളായ വിപിൻ വർഗീസ്, ബിലാൽ എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് യുവാക്കൾക്ക് വെടിവയ്പ്പിന് ക്വട്ടേഷൻ നൽകിയതെന്നും കണ്ടെത്തിയിരുന്നു.
അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദേശ പ്രകാരമാണ് ഇവർ കൃത്യം ചെയ്‌തെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് ലീനയെ ഫോണിൽ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോഴാണ് ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ് നടത്തിയത്. ബ്യൂട്ടി പാർലറിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.