എറണാകുളം : കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജ് തെരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസില്‍ പ്രതികളായ മുൻ പ്രിൻസിപ്പാൾ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. കേസില്‍ അറസ്റ്റ് തടഞ്ഞുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവ് തുടരും. ഇക്കഴിഞ്ഞ 16നാണ് പ്രിന്‍സിപ്പാളിന്‍റെ അറസ്റ്റ് താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്.
മുന്‍ പ്രിന്‍സിപ്പാള്‍ ഷൈജുവിന്‍റെ വാദം : കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ വ്യാജ രേഖ ചമച്ചിട്ടില്ലെന്ന് ഷൈജു കോടതിയില്‍ അറിയിച്ചു. യുയുസി അനഘ രാജി വച്ചത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും ഷൈജു കോടതിയില്‍ വ്യക്തമാക്കി. വിശാഖിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയ്‌ക്ക് മെയില്‍ അയച്ചിരുന്നുവെന്നും ഷൈജു പറഞ്ഞു.
അതേസമയം കേസില്‍ പ്രിൻസിപ്പാളിനെ മാത്രം പഴിചാരാൻ സാധിക്കില്ലെന്ന് വിശാഖിനോട് കോടതി പറഞ്ഞു. എത്ര വർഷം പ്രിൻസിപ്പാൾ എന്ന നിലയിൽ പ്രവർത്തി പരിചയമുണ്ടെന്ന് കോടതി ചോദിച്ചപ്പോൾ പ്രിൻസിപ്പാള്‍ എന്ന നിലയിലും പ്രൊഫസർ എന്ന നിലയിലും തനിക്ക് പ്രവർത്തി പരിചയമുണ്ടെന്നായിരുന്നു ഷൈജുവിന്‍റെ മറുപടി.
നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റാല്‍ പിന്നീട് പ്രിൻസിപ്പാളിനോ യൂണിവേഴ്‌സിറ്റിക്കോ ആ വ്യക്തിയെ മാറ്റാന്‍ അധികാരമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ടയാൾ രാജി വച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മെയ് 17നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം സംബന്ധിച്ച വാർത്ത പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച യുയുസി അനഘയുടെ പേരിന് പകരം യൂണിവേഴ്‌സിറ്റിക്ക് കൈമാറിയത് എസ്എഫ്‌ഐ നേതാവ് വിശാഖിന്‍റെ പേരായിരുന്നു. സംഭവത്തിൽ ഗവർണർ ഇടപെട്ടതോടെ പ്രിൻസിപ്പാളിനും വിശാഖിനുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുവാൻ സർവകലാശാല തീരുമാനിച്ചു. പിന്നാലെ മെയ് 21ന് സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് കേസ് എടുത്തു.
വിശാഖിന്‍റെ വാദവും കോടതിയുടെ മറുപടിയും : കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസിലെ രണ്ടാം പ്രതിയായ വിശാഖിനെ ജൂണ്‍ 20 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇത്തരവ് കാലാവധി അവസാനിക്കുന്ന 20ന് വിശാഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു.
ആരോഗ്യപരമായ കാരണങ്ങളാല്‍ വിജയിച്ച സ്ഥാനാര്‍ഥി സ്ഥാനമൊഴിഞ്ഞതോടെയാണ് തന്‍റെ പേര് പ്രിന്‍സിപ്പാള്‍ ആ സ്ഥാനത്തേക്ക് ചേര്‍ത്തതെന്നാണ് വിശാഖ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ വിഷയം ഗൗരവമാണെന്നാണ് കോടതിയുടെ മറുപടി.
തെരഞ്ഞെടുപ്പും വിവാദങ്ങളും : കഴിഞ്ഞ ഡിസംബറില്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ വദ്യാര്‍ഥിയായ അനഘയാണ് കേരള സര്‍വകലാശാലയിലേക്ക് യുയുസിയായി വിജയിച്ചത്. കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയത് അനഘയുടെ പേരിന് പകരം എസ്‌എഫ്‌ഐ നേതാവായ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയായ വിശാഖിന്‍റെ പേര്. സംഭവത്തിന് പിന്നാലെ കെഎസ്‌യു രംഗത്തെത്തിയതോടെയാണ് വിവരം പുറം ലോകമറിയുന്നത്.
ഇതോടെ കോളജ് പ്രിന്‍സിപ്പാളിനോട് കേരള യൂണിവേഴ്‌സിറ്റി വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തു. തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘയ്‌ക്ക് തത്‌സ്ഥാനത്ത് തുടരാന്‍ താത്‌പര്യമില്ലെന്നും അതുകൊണ്ടാണ് വിശാഖിന്‍റെ പേര് നല്‍കിയതെന്നുമായിരുന്നു പ്രിന്‍സിപ്പാള്‍ നല്‍കിയ മറുപടി. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പാള്‍ ജിജെ ഷൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയുമായിരുന്നു.