എറണാകുളം: അലനും താഹക്കും ജാമ്യം നൽകുന്നത് തടയണമെന്ന എൻ.ഐ.എ ആവശ്യം വിചാരണ കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കി പ്രതികൾ പുറത്തിറങ്ങാനിരിക്കെയാണ് എൻ.ഐ.എ കോടതിയെ സമീപിച്ചത്. ജാമ്യം നൽകുന്നത് തടയണമെന്നും ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും കാട്ടി എൻ.ഐ.എ കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയെങ്കിലും ഇത് വിചാരണക്കോടതി തള്ളുകയായിരുന്നു.
അതേസമയം ജാമ്യക്കാരായ അലൻ്റയും താഹയുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും കോടതിയിലെത്തി നടപടികൾ പൂർത്തിയാക്കി മടങ്ങി. ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ലോകം മുഴുവനുമുളള മലയാളികൾ കൂടെ നിന്നുവെന്നും അലൻ ശുഹൈബിൻ്റെ അമ്മ സബിത മഠത്തിൽ പറഞ്ഞു. ജാമ്യം റദ്ദാക്കാനുള്ള എൻ.ഐ.എ നീക്കം നിയമപരമായി നേരിടുമെന്നും സബിത മഠത്തിൽ പറഞ്ഞു. മകൻ പുറത്തിറങ്ങുന്നതിൽ വളരെ സന്തോഷമെന്നും സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും താഹ ഫസലിൻ്റെ അമ്മ ജമീലയും പറഞ്ഞു.