എറണാകുളം: കോടതിയലക്ഷ്യക്കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്‌ജിയെ അധിക്ഷേപിച്ച സംഭവത്തിലാണ് കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജഡ്‌ജിയെ അധിക്ഷേപിച്ച സംഭവത്തില്‍ ബൈജു കൊട്ടാരക്കരക്കെതിരെ ഹൈക്കോടതി നേരത്തെ സ്വമേധയ കോടതിയലക്ഷ്യ കേസെടുത്തിരുന്നു.
കേസ് ഇന്ന് വീണ്ടും പരിഗണിച്ച കോടതി ബൈജുവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എന്തിനാണ് കോടതിയോടുള്ള വിശ്വാസം നഷ്‌ടപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. പൊതുജനങ്ങളുടെ വിശ്വാസത്തിന്‍റെ കരുത്തിലാണ് നീതിന്യായ സംവിധാനം നിലനിന്ന് പോകുന്നതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജനശ്രദ്ധ നേടാൻ ഇത്തരം കാര്യങ്ങളല്ല വിളിച്ചു പറയേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. എന്നാൽ പരസ്യമായി മാപ്പ് പറയണമെന്ന് കോടതി നിർദേശം നൽകുകയും ചെയ്‌തു. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്നാണ് ബൈജു കൊട്ടാരക്കര അറിയിച്ചിട്ടുള്ളത്. വിശദമായ സത്യവാങ്മൂലം നൽകാനും നിർദേശമുണ്ട്.
കേസ് ഹൈക്കോടതി നവംബർ 15ന് വീണ്ടും പരിഗണിക്കും. കേസിൽ കഴിഞ്ഞ തവണ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. ജഡ്‌ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ല. ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല പരാമർശം നടത്തിയതെന്ന് ബൈജു കോടതിയിൽ വ്യക്തമാക്കി.
also read: കോടതിയലക്ഷ്യ കേസ്: സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും