എറണാകുളം: അവിനാശി അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവർ ഗിരീഷിന് അന്തിമോപചാരം അർപ്പിക്കാൻ ടോമിൻ. ജെ. തച്ചങ്കരിയെത്തി. ഡ്രൈവര്‍മാരായ ഗിരീഷിന്‍റെയും ബൈജുവിന്‍റെയും വിയോഗം ഏറെ വേദനാജനകമാണെന്നും പ്രവർത്തനമികവിന്‍റെ പേരിൽ താൻ അഭിനന്ദിച്ച രണ്ട് പേരുമായി വ്യക്തിപരമായി തന്നെ ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ സഹായിക്കുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി. ഗിരീഷിന്‍റെ പെരുമ്പാവൂരിലെ വീട്ടിലെത്തിയാണ് തച്ചങ്കരി അന്തിമോപചാരം അര്‍പ്പിച്ചത്. ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരുമടക്കം അന്തിമോപചാരം അർപ്പിക്കുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് ഗിരീഷിന്‍റെ വീട്ടിലെത്തിയത്. ഉച്ചക്ക് 12 മണിയോടെ പെരുമ്പാവൂർ ഒക്കലിലെ ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഭാര്യയും മകളും അമ്മയും അടങ്ങുന്നതായിരുന്നു ഗിരീഷിന്‍റെ കുടുംബം. ഇവരുടെ ഏക ആശ്രയമായിരുന്നു ഗിരീഷ്. 2008ലാണ് ഗിരീഷ് തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ ജോലിക്ക് പ്രവേശിക്കുന്നത്. അപ്രതീക്ഷിതമായ ദുരന്തത്തിൽ വീട്ടുകാർക്കും നാടിനും സുഹൃത്തുക്കൾക്കും ഉണ്ടായ ഞെട്ടൽ ഇതുവരെ വിട്ട് മാറിയിട്ടില്ല. ഗിരീഷിന് പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മകൾ മാത്രമാണ് ഉള്ളത്.