എറണാകുളം : അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. തിങ്കളാഴ്ച വരെയാണ് പ്രതികൾ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ പാലക്കാട്ടെ പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌ത് 2 ഉം 5 ഉം പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് വന്നതോടെ പ്രൊസിക്യൂഷനും പൊലീസും മുഖം രക്ഷിക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും അത്തരമൊരു പരാതി സാക്ഷികളിലാരും നൽകിയിട്ടില്ലെന്നും പ്രതികൾ വാദിച്ചു. വിചാരണക്കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹർജിക്കാർ അറിയിച്ചു.
ഹൈക്കോടതി അനുവദിച്ച ജാമ്യം എങ്ങനെ കീഴ്‌ക്കോടതിക്ക് റദ്ദാക്കാനാകുമെന്ന് ചോദിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യത്തിൽ ഉത്തരം ആവശ്യമാണെന്നും പറഞ്ഞു. തുടർന്ന് തിങ്കളാഴ്‌ച വരെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് പാലക്കാട്ടെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കീഴ്‌ക്കോടതി നടപടി.