എറണാകുളം : കിഴക്കമ്പലം പഞ്ചായത്തിലെ വിളക്ക് അണയ്‌ക്കൽ പ്രധിഷേധ സമരത്തിനിടെ ട്വന്‍റി ട്വന്‍റി പ്രവർത്തകൻ സി.കെ. ദീപുവിനെ മർദിച്ച സംഭവത്തിൽ പ്രതികള്‍ കസ്റ്റഡിയില്‍. സി.പി.എം പ്രവർത്തകരായ അബ്ദുൽ റഹ്മാൻ, അസീസ്, സൈനുദീൻ, ബഷീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
അതേസമയം മർദനമേറ്റ ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കും ഇയാളെ വിധേയമാക്കിയിട്ടുണ്ട്. മർദനത്തിന് പിന്നിൽ സി.പി.എം. ആണെന്ന് ആരോപിച്ച് ട്വന്‍റി ട്വന്‍റി പൊലീസിൽ പരാതി നൽകിയിരുന്നു.
സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ എം.എൽ.എ പി.വി ശ്രിനിജന്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച്, ട്വന്‍റി ട്വന്‍റി തങ്ങള്‍ ഭരിക്കുന്ന നാല് പഞ്ചായത്തുകളിൽ വിളക്കണച്ച് പ്രതിഷേധിച്ചിരുന്നു. വിളക്കണക്കൽ സമരത്തിന്‍റെ സംഘാടകൻ കൂടിയായിരുന്നു പരിക്കേറ്റ ദീപു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 7 മുതല്‍ 7.15 വരെയാണ് വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചത്.
also read: നാട് വിട്ടതാകുമെന്ന് കരുതി, സുഹൃത്ത് കൊലപ്പെടുത്തിയ ആഷിഖിന്‍റെ മൃതദേഹം ലഭിച്ചത് രണ്ട് മാസത്തിന് ശേഷം
സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് പദ്ധതിയില്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ കെ.എസ്.ഇ.ബി അധികൃതരെ ഭീഷണിപ്പെടുത്തി പദ്ധതി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നുവെന്നാണ് ട്വന്‍റി ട്വന്‍റിയുടെ ആക്ഷേപം.