എറണാകുളം : വ്യത്യസ്തമായ ഭാഷ ശൈലി കൊണ്ട് 'ദാമ്പത്യ ജീവിതത്തിലെ നിമിഷങ്ങൾ' എന്ന വിഷയം സ്‌കിറ്റ് രൂപത്തിൽ അനായാസം അവതരിപ്പിച്ചാണ് സുനി എന്ന അനീഷ് സാരഥിയും ചന്ദ്രിക എന്ന അശ്വതിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായത്. തെക്കൻ തിരുവിതാംകൂറിന്‍റെ ഭാഷാശൈലിയുടെ തലതൊട്ടപ്പനായ സുരാജ് വെഞ്ഞാറമൂടിന് ശേഷം ഭാഷയെ വൈകൃതമാക്കാതെ തന്മയത്വത്തോടെ കൈകാര്യം ചെയ്‌തതാണ് അനീഷ് സാരഥിയുടെ കരിയർ ഗ്രാഫ് ഉയരാൻ കാരണമായത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി തന്നെയാണ് അനീഷ് സാരഥി എന്ന സുനി. കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് അദ്ദേഹം മനസ്സ് തുറന്നപ്പോൾ...
എഴുത്തുകാരന്‍റെ മേലങ്കി അണിഞ്ഞാണ് അനീഷ് കലാരംഗത്തേക്ക് കടന്നു വരുന്നത്. അമച്വർ/ പ്രൊഫഷണൽ ട്രൂപ്പുകളിലൂടെ ജീവിതത്തിന്‍റെ നല്ല കാലം എത്തിപ്പിടിക്കാനുള്ള ഓട്ടമായിരുന്നു. ഇടവേളകളില്ലാതെ സംസാരിക്കുവാനുള്ള കഴിവും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അഭിനയ മോഹിയായ മറ്റൊരു വ്യക്തിത്വവും സ്റ്റേജ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഉയർന്നുവരാൻ പ്രചോദനമായി.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്‌തമായ പല കോമഡി ട്രൂപ്പുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കലരംഗത്ത് തുടക്കമിട്ടു. ആദ്യകാല ടെലിവിഷൻ കോമഡി റിയാലിറ്റി ഷോകളിൽ സഹ കഥാപാത്രങ്ങൾ ആയി മുഖം കാണിച്ചു തുടങ്ങി. ചലച്ചിത്ര മേഖലയിലും ഇതിനിടയിൽ ഭാഗ്യപരീക്ഷണം നടത്തിക്കൊണ്ടിരുന്നു.
അതിനിടെ ഒരു ടെലിവിഷൻ ചാനലിൽ ഭാഷാശൈലി അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സ്‌കിറ്റ് ചെയ്‌തു. അതിലെ കഥാപാത്രങ്ങളെ മലയാളികൾ ഏറ്റെടുത്തു. അനീഷിന് മുൻപരിചയമുള്ള അശ്വതിയെന്ന കലാകാരി കൂടി ഒപ്പം ചേർന്നപ്പോൾ പരിപാടി വൻ ഹിറ്റായി. അശ്വതിയുടെ പ്രസൻസ് ഓഫ് മൈൻഡ്, അഭിനയിക്കുമ്പോൾ ഉള്ള കൃത്യമായ ടൈമിംഗ് എന്നതിനെ കുറിച്ച് ധാരണ ഉള്ളതുകൊണ്ട് തന്നെ ഇവരുടെ കോമ്പോ ക്യാമറയ്ക്ക് മുന്നിലെ ചിരി ജോഡികളായി. കൃത്യമായ തിരക്കഥയൊരുക്കി വേദിയിൽ അവതരിപ്പിച്ച ഓരോ സ്‌കിറ്റും ഒന്നിനൊന്ന് മെച്ചം. കുർണി അപ്പച്ചിയും, ഡഗ്ലസ് അണ്ണനും, മോസി പട്ടിയും, ജെൽപ്പരൻ വല്യച്ഛനും തുടങ്ങി സുനിയുടെയും ചന്ദ്രികയുടെയും ജീവിതത്തിലെ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഭാഷയെ വൈകൃതമാക്കുന്നു എന്ന പേരിൽ ഇതിനിടയിൽ ചിലർ രൂക്ഷവിമർശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മനസിനെ ഏറ്റവും അധികം വേദനിപ്പിക്കുന്ന രീതിയിൽ ചിലർ കടുത്തഭാഷയിൽ ഒക്കെ ചില പ്രയോഗങ്ങൾ ഉപയോഗിക്കുന്നു. കുടുംബത്തെ വരെ മോശമായി പറയുന്നവരും അക്കൂട്ടത്തിലുണ്ട്. പക്ഷേ അവരോട് അനീഷിന് യാതൊരു വിദ്വേഷവും ഇല്ല.
കഥാപാത്രങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഭാഷശൈലി ഇവരുടെ അവരുടെ തന്നെ സൃഷ്‌ടിയാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നു എന്ന് കരുതുന്ന ഈ ശൈലി ഇക്കാലത്ത് ആരും പിന്തുടരുന്നില്ലെന്നും അനീഷ് സാരഥി പറയുന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഉൾനാടൻ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങൾ വീക്ഷിച്ച് അത് മനസ്സിൽ കോറിയിട്ട് സ്വന്തമായി അതിനൊരു ഭാവം നൽകിയാണ് ഈ ശൈലി രൂപപ്പെടുത്തിയെതെന്നും അനീഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
സ്‌കിറ്റുകളില്‍ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ പലതും യഥാർഥ ജീവിതത്തിൽ നിന്നുള്ളതാണ്. യഥാർഥ കഥാപാത്രങ്ങളൊക്കെ ജീവിച്ചിരിക്കുന്നതുകൊണ്ടുതന്നെ അത് ഏതൊക്കെയാണ് എന്ന് വെളിപ്പെടുത്താൻ അനീഷ് തയ്യാറായില്ല. പ്രേക്ഷകരില്‍ ചിലർ കരുതുന്നത് പോലെ ചന്ദ്രികയെന്ന കഥാപാത്രമായി വരുന്ന അശ്വതി അനീഷിന്‍റെ ഭാര്യയല്ല. കൊല്ലം ശൂരനാട് സ്വദേശി രഞ്ജിനിയാണ് അനീഷിന്‍റെ ഭാര്യ. പ്രവാസജീവിതം ഉപേക്ഷിച്ച് കല ജീവിതത്തിലേക്ക് ചേക്കേറിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. ഇത് നല്ല സമയം.. ഇനി വരാനിരിക്കുന്നത് അതിലേറെ നല്ല സമയം... അനീഷ് പറഞ്ഞുനിർത്തി.