എറണാകുളം: എൻഐഎ അറസ്റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്. ഒക്‌ടോബർ 20ന് പ്രതികളെ ഓൺലൈൻ വഴി ഹാജരാക്കും.
പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ സമർപ്പിക്കും. അതുവരെ പ്രതികൾ കാക്കനാട് ജില്ല ജയിലിൽ തുടരും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം പ്രതി അബ്‌ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ഈ അപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും. കരമന അഷറഫ് മൗലവി ഉൾപ്പടെയുള്ള പതിനൊന്ന് പ്രതികളാണ് റിമാൻഡിൽ തുടരുക.
ഓരോ പ്രതിക്കെതിരെയും അവരുടെ പങ്കും പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും എൻ.ഐ.എ കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് സമുദായങ്ങൾക്കിടയിൽ അതിക്രമങ്ങൾ സൃഷ്‌ടിക്കുന്നതിൽ ബഹുദൂരം മുന്നോട്ട് പോയി എന്ന് വ്യക്തമാകുന്നുവെന്നും കൂടുതൽ തെളിവുകൾ ലഭിക്കാൻ മാത്രമല്ല, സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനും കൂടുതൽ അന്വേഷണം ആവശ്യമാണന്നും എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികളുടെ റിമാന്‍ഡ് റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് എൻ.ഐ.എ ഉന്നയിച്ചത്. യുഎപിഎയിലെ വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.