എറണാകുളം : സുരക്ഷിത താമസ സൗകര്യമൊരുക്കണമെന്ന വർഷങ്ങൾ നീണ്ട ആവശ്യം നേടിയെടുക്കാൻ ഇടമലയാർ വനത്തിൽ കുടിൽ കെട്ടാൻ ശ്രമിച്ച് അറാക്കപ്പ് ആദിവാസി കോളനി നിവാസികൾ. എന്നാൽ ഈ ശ്രമം വനപാലകർ തടഞ്ഞു.
ഉൾവനമേഖലയിൽ സ്ഥിതിചെയ്യുന്ന അറാക്കപ്പ് ആദിവാസി കോളനിയിലെ താമസക്കാരായിരുന്ന 11 കുടുംബങ്ങളാണ് ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം താളുംകണ്ടം പാതയോരത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസിക്കാൻ ശ്രമിച്ചത്.
Also Read: വേളി ടൂറിസ്റ്റ് വില്ലേജിലെ കുതിരകൾ ഹാപ്പിയാണ്; ഉടമകൾ നഷ്‌ടത്തിലും
ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരോട് ഇവിടെ നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ലഭിയ്ക്കാതെ എവിടേക്കും മാറില്ലെന്നും ബലംപ്രയോഗിച്ചാൽ ഡാമിൽച്ചാടുമെന്നും താമസക്കാർ പ്രതികരിച്ചു. ഇതോടെ ഒത്തുതീർപ്പിനുള്ള ശ്രമം തുടർന്നുവരികയാണ്.
അടച്ചുറപ്പുള്ള വീടോ, വഴിയോ ഒന്നുമില്ലാതെ ഉരുൾപൊട്ടൽ ഭീഷണിയിൽ വർഷങ്ങളായി ഇവിടെ താമസിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തത് കൊണ്ടാണ് കാട്ടിൽ കുടിൽ കെട്ടി താമസിക്കാൻ ശ്രമിച്ചതെന്ന് അറാക്കപ്പ് ആദിവാസി നിവാസികൾ പ്രതികരിച്ചു.