എറണാകുളം : പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷന്‍റെ(ഡി.ആർ.ഡി.ഒ) പേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടി.
ഇറിഡിയം കൈവശം വയ്ക്കാൻ അനുമതിയുണ്ടെന്ന് തെളിയിക്കുന്നതിന് മോൻസൺ വ്യാജരേഖ നിർമിച്ചതായാണ് കണ്ടെത്തിയത്. ഡി.ആർ.ഡി.ഒയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും ഇതിനുവേണ്ടി നിർമിച്ചിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡി.ആർ.ഡി.ഒയിൽ നിന്ന് വിശദാംശങ്ങൾ തേടി.
Also Read: 2022 ഓടെ ഹജ്ജ് പ്രക്രിയ 100% ഡിജിറ്റലാക്കുമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി
അതേസമയം മോൻസണില്‍ നിന്ന് കണ്ടെത്തിയ ഇറിഡിയം വ്യാജമാണെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം. തന്‍റെ പക്കൽ ഇറിഡിയം ഉണ്ടെന്നും വിറ്റാൽ വന്‍തുക കിട്ടുമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ കോടികൾ തട്ടിയതെന്നാണ് പരാതിക്കാരിൽ ഒരാൾ വ്യക്തമാക്കിയത്.
ഇറിഡിയം അടങ്ങിയതെന്ന് പരിചയപ്പെടുത്തി ഒരു പെട്ടി കാണിച്ചിരുന്നുവെന്നും ഇത് വിറ്റാൽ കോടികൾ ലഭിക്കുമെന്ന് മോൻസൺ പറഞ്ഞതായും ശ്രീവത്സം ഗ്രൂപ്പിന്‍റെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇതോടെ മോൻസണെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി. നിലവിൽ സംസ്‌കാര ചാനൽ കേസിൽ മോൻസൺ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.