എറണാകുളം : കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ച പതിനേഴുകാരി ആന്‍മരിയ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. എഴുപത്തിരണ്ട് മണിക്കൂർ നിരീക്ഷണത്തിന് ശേഷമായിരിക്കും തുടർ ചികിത്സയിൽ തീരുമാനമെടുക്കുക. അതേസമയം, ആൻമരിയക്ക് നിലവിൽ ഗുരുതരമായ ഹൃദ്രോഗ പ്രശ്‌നങ്ങളില്ലെന്നും ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളാണ് ഉള്ളതെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
ആൻമരിയ പ്രതികരിക്കുന്നുണ്ടെന്നും കൈകൾ ചലിപ്പിക്കുന്നുണ്ടെന്നും പിതാവ് ജോയ് വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു ആൻ മരിയയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു.
133 കിലോമീറ്റർ ദൂരം താണ്ടി കൊച്ചിയിലെ ആശുപത്രിയിലെത്താൻ അഞ്ച് മണിക്കൂറോളം സമയം ആവശ്യമായിരുന്നു. എന്നാൽ ഒരു കൗമാരക്കാരിയുടെ ജീവൻ രക്ഷിക്കാൻ നാട് ഒന്നാകെ കൈകോർത്തപ്പോൾ രണ്ട് മണിക്കൂർ മുപ്പത്തിയൊമ്പത് മിനിറ്റ് കൊണ്ടാണ് ആംബുലൻസ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. വിദഗ്‌ധ ചികിത്സയ്ക്കായി കുട്ടിയെ റോഡ് മാർഗ്ഗം ഏറ്റവും വേഗത്തിൽ കൊച്ചിയിലെത്തിക്കാൻ സഹായിക്കണമെന്ന മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ളവർ നടത്തിയ അഭ്യർഥന ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
വഴിയൊരുക്കാൻ പൊലീസും നാട്ടുകാരും കൈകോർത്തതോടെയാണ് ഏറ്റവും ചുരുങ്ങിയ സമയത്തിൽ ആൻമരിയയെ കൊച്ചിയിലെത്തിക്കാൻ കഴിഞ്ഞത്. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിച്ചത്. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലായിരുന്നു പതിനേഴുകാരിയുടെ ജീവൻ രക്ഷിക്കാനുള്ള യാത്ര ദൗത്യം പൂർത്തിയാക്കിയത്.
ആംബുലൻസ് ഡ്രൈവർമാരായ മണിക്കുട്ടൻ, തോമസ് നേഴ്‌സുമാരായ ടിൻസ്, ബിബിൻ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി. അതേസമയം കുട്ടിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയിക്കിയിരുന്നു. ആംബുലൻസ് ആശുപത്രിയിലെത്തിയതോടെ ഒരു നിമിഷം പോലും പാഴാക്കാതെ ആൻമരിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വിദഗ്‌ധ ഡോക്‌ടർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ തുടരുന്നത്.
Also read : ആൻമരിയയ്ക്ക് വേണ്ടി നാട് കൈകോർത്തു: ആംബുലൻസ് കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലെത്തിയത് രണ്ടര മണിക്കൂറില്‍
മൂന്ന് വയസുകാരിക്ക് രക്ഷകനായി ആംബുലൻസ് ഡ്രൈവർ : കമ്മൽ വിഴുങ്ങിയ മൂന്ന് വയസുകാരിക്ക് ആംബുലൻസ് ഡ്രൈവർ രക്ഷകനായി. കുമളിയിലെ റൂറൽ ഓർഗനൈസേഷൻ സോഷ്യൽ സർവീസ് എന്ന സംഘടനയിലെ ആംബുലൻസ് ഡ്രൈവറായ ദിനി കെ ജോസഫാണ് കുട്ടിയുടെ രക്ഷകനായത്. കുമളിയിൽ നിന്നും 110 കിലോമീറ്റര്‍ ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ട് പിന്നിട്ടാണ് പാലായിലെ ആശുപത്രിയില്‍ ദിനി കുട്ടിയെ എത്തിച്ചത്.
കുമളി സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരിയായ മകൾ, മേശയുടെ മുകളിലിരുന്ന കമ്മൽ വിഴുങ്ങുകയായിരുന്നു. തൊണ്ടയിൽ കമ്മൽ കുരുങ്ങിയെന്ന് കുട്ടി മാതാപിതാക്കളോട് പറയുകയും മാതാപിതാക്കൾ കുഞ്ഞിനെ ക്ലിനിക്കിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ, എക്‌സ് റേയിൽ കമ്മല്‍ ശ്വാസകോശത്തിന് സമീപമാണെന്ന് കണ്ടെത്തിയതോടെ എൻഡോസ്കോപ്പി സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്‌ടർ നിര്‍ദേശിച്ചു. ഇതോടെയാണ് കുട്ടിയെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
തുടർന്ന് ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്‌മയിലും പൊലീസിലും വിവരമറിയിക്കുകയും. ആംബുലൻസ് പോകുന്ന ഇടങ്ങളിൽ വഴിയൊരുക്കുകയും ചെയ്‌തു. അങ്ങനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതമായി കുഞ്ഞിനെ ദിനി എത്തിക്കുകയായിരുന്നു.