എറണാകുളം : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് പിന്മാറി മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ. സിസിഎല്ലിൽ കളിക്കുന്ന മലയാള സിനിമ താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്ന് താര സംഘടനയായ അമ്മ അറിയിച്ചു. അതേസമയം ലീഗിൽ പങ്കെടുക്കുന്ന താരങ്ങളെ വിലക്കില്ല.
ടീമിന്‍റെ നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പ്രസിഡന്‍റ് മോഹന്‍ലാൽ പിന്മാറിയിട്ടുമുണ്ട്. സിസിഎല്‍ മാനേജ്‌മെന്‍റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങളിലെ താരസംഘടനകൾ സഹകരിച്ചായിരുന്നു 2011 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചിരുന്നത്.
2012 മുതൽ 'അമ്മ' കേരള സ്ട്രൈക്കേഴ്‌സ് ലീഗിൽ കളിച്ചിരുന്നു. എന്നാല്‍ കൊവിഡിനെ തുടർന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നിന്നുപോയി. തുടർന്ന് ഈ വർഷമാണ് സിസിഎൽ പുനരാരംഭിച്ചത്. എന്നാൽ അമ്മയുടെ പങ്കാളിത്തമില്ലാതെ നടൻ കുഞ്ചാക്കോ ബോബന്‍റെ നേതൃത്വത്തിലുള്ള സി ത്രീ ക്രിക്കറ്റ് ക്ലബ്ബുമായി സഹകരിച്ചാണ് കേരള സ്ട്രൈക്കേഴ്‌സ് എന്ന പേരിൽ കേരളത്തിലെ താരങ്ങളുടെ ടീം സിസിഎല്ലിൽ പങ്കെടുത്തത്.
എന്നാൽ ഇതിനെതിരെ താര സംഘടന അമ്മ നിലപാട് സ്വീകരിക്കുകയായിരുന്നു. കേരള സ്ട്രൈക്കേഴ്‌സിന് അമ്മയുമായി ബന്ധമില്ലെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. താരസംഘടനയെ പരിഗണിക്കാതെ ചില വ്യക്തികൾ നടത്തുന്ന ക്രിക്കറ്റ് ക്ലബ്ബിനെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമാക്കിയതാണ് അമ്മയെ ചൊടിപ്പിച്ചത്. നേരത്തെ മോഹൻലാൽ ക്യാപ്റ്റനും ഇടവേള ബാബു മാനേജരുമായുളള ടീമായിരുന്നു കേരളത്തെ പ്രതിനിധീകരിച്ചത്.
നിലവിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള തുടങ്ങിയ താരങ്ങളാണ് കേരള സ്ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്നത്. നേരത്തെ കൊച്ചിയായിരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പ്രധാന വേദി. ഇത്തവണ കേരളത്തിൽ തിരുവനന്തപുരത്തുവച്ച് മാത്രമാണ് ഒരു കളി നടക്കുന്നത്.
നേരത്തെയുണ്ടായിരുന്ന സ്വീകാര്യത നിലവിൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സിസിഎല്ലുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അമ്മ എത്തിയത്.