മലയാള താര സംഘടനയായ അമ്മയില്‍ പുതുതായി ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയതായി സംഘടന അറിയിച്ചു. കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ബിനു പപ്പു, വിജയന്‍ കാരന്തുര്‍, സലിം ഭാവ, സഞ്ജു ശിവറാം, നിഖില വിമല്‍, ശ്രീജ രവി എന്നിവര്‍ക്കാണ് അമ്മയില്‍ പുതുതായി അംഗത്വം ലഭിച്ചത്.
കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് ഞായറാഴ്‌ച രാവിലെ 11 മണിയ്‌ക്കാണ് യോഗം ആരംഭിച്ചത്. പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 290 അംഗങ്ങള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സിദ്ധിക്ക് കണക്കുകളും അവതരിപ്പിച്ചു. അമ്മയുടെ പുതിയ ഡിജിറ്റല്‍ ഐഡന്‍റിറ്റി കാര്‍ഡ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് നല്‍കി തുടക്കം കുറിക്കുകയും ചെയ്‌തു.
ജനറല്‍ ബോഡി യോഗത്തിന്‍റെ തിയതി മുന്‍കൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ചിത്രീകരണം ഇന്ന് നടത്തിയതില്‍ അമ്മ പ്രതിഷേധം അറിയിച്ചു. ചിത്രീകരണം കാരണം താരങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. അംഗങ്ങള്‍ക്ക് യോഗത്തില്‍ എത്തിച്ചേരാന്‍ സൗകര്യം ചെയ്‌തു കൊടുക്കാത്തതിലുള്ള പ്രതിഷേധം അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റിനേയും ജനറല്‍ സെക്രട്ടറിയേയും ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.
അതേസമയം, നടന്‍ ശ്രീനാഥ് ഭാസിക്ക് അമ്മയില്‍ അംഗത്വമില്ല. ഇതര സംഘടനയില്‍ നിന്നും NOC (No Objection Certificates) ലഭിക്കുന്ന മുറയ്‌ക്ക് ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കുന്ന കാര്യം പരിഗണയ്‌ക്ക് എടുക്കുമെന്ന് ഞാറയാഴ്‌ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അമ്മ അറിയിച്ചു. ഏപ്രിലിലാണ് നടന്‍ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
സെറ്റുകളിലെ ഇരുവരുടെയും പെരുമാറ്റം അസഹനീയമാണെന്ന് ആരോപിച്ച് സിനിമ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസി അമ്മയില്‍ അംഗത്വത്തിന് അപേക്ഷ സമര്‍പിച്ചത്. നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ശ്രീനാഥിന്‍റെ അംഗത്വ അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനം.
നേരത്തെ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് നടന്‍ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയത്. ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി'എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അഭിമുഖത്തില്‍ അവതാരകയെ അസഭ്യം പറഞ്ഞു എന്ന പരാതിയെ തുടർന്നാണ് ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന ആറ് മാസത്തേക്ക് വിലക്കിയത്.
സംഭവത്തിൽ അവതാരക അസോസിയേഷനും പൊലീസിനും വനിത കമ്മിഷനും പരാതി നൽകിയിരുന്നു. തുടർന്ന് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ശ്രീനാഥ് ഭാസിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നടന്‍ മാപ്പ് പറഞ്ഞതിനെ തുടർന്ന് പരാതിക്കാരി, പരാതി പിൻവലിക്കുയും കേസ് ഒത്തുതീർപ്പാക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ശ്രീനാഥ് ഭാസിക്ക് നേരെയുള്ള ഈ വിലക്കിനെതിരെ മമ്മൂട്ടി രംഗത്ത് വന്നിരുന്നു. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ 'റോഷാക്ക്' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
എന്നാല്‍ മമ്മൂട്ടിയുടെ പ്രസ്‌താവനയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസിക്കെതിരായ താത്‌കാലിക വിലക്ക് തുടരുമെന്ന് നിർമ്മാതാക്കളുടെ സംഘടനയും അറിയിച്ചിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിലക്ക് നിലനില്‍ക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
Also Read: ചിരിയും സസ്‌പെന്‍സും നിറച്ച് ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ'; ട്രെയിലര്‍ പുറത്ത്