എറണാകുളം: കൊച്ചി മെട്രോയും വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങളും വിലയിരുത്തി അംബാസഡർമാർ. ഫ്രാൻസ്, ജർമ്മനി, യുറോപ്യൻ യൂണിയൻ അംബാസഡർമാരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കൊച്ചിയിലെത്തിയത്. ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലിനൈൻ, ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്‌നർ, യൂറോപ്യൻ യൂണിയന്‍റെ ഇന്ത്യയിലെ അംബാസഡർ യൂഗോ എസ്റ്റുറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തെ കെ.എം.ആർ.എൽ എം.ഡി. അൽഖേഷ് കുമാർ ശർമ്മ, എറണാകുളം ജില്ലാ കലക്‌ടർ എസ്. സുഹാസ്, കൊച്ചി മെട്രോ മിഷൻ സി.ഇ.ഒ ജാഫർ മാലിക്ക് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ കലാവസ്ഥാസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയുടെ അഞ്ചാം വാർഷികത്തിന്‍റെ ഭാഗമായാണ് അംബാസഡർമാർ സന്ദർശനം നടത്തിയത്.
കൊച്ചി മെട്രോയുടെ നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയ ഫ്രഞ്ച് ഡെവലപ്മെന്‍റ് ഏജൻസി (എ.എഫ്.ഡി)യുടെയും, കൊച്ചി വാട്ടർ മെട്രോയുടെ നിർമാണവുമായി സഹകരിക്കുന്ന ജർമ്മൻ സർക്കാരിന് കീഴിലുളള ധനകാര്യ സ്ഥാപനമായ കെഎഫ്‌ഡബ്ല്യു പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ വൈപ്പിൻ, വൈറ്റില ജെട്ടികൾ സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയിൽ നിർമാണത്തിലിരിക്കുന്ന വാട്ടർ മെട്രോയുടെ ബോട്ടുകളുടെ നിർമാണ പുരോഗതിയും സംഘം നേരിൽ കണ്ടു വിലയിരുത്തി.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കീഴിലുള്ള ഇ-ബസിലും, ഇ-ഓട്ടോയിലും അംബാസഡർമാർ യാത്ര ചെയ്‌തു. വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്നും മെട്രോയുടെ സൈക്കിളിൽ യാത്ര ചെയ്‌താണ് സംഘം വൈറ്റില മെട്രോ സ്റ്റേഷനിലെത്തിയത്. ഫ്രഞ്ച് ഡെവലപ്മെന്‍റ് ഏജൻസിയുടെ സഹായത്തോടെ നിർമിച്ച ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, മുട്ടം യാർഡിലെ മെട്രോ ഓപ്പറേഷൻ കൺട്രോൾ സിസ്റ്റം എന്നിവയും അംബാസഡർമാരുടെ സംഘം സന്ദർശിച്ചു. കൊച്ചി മെട്രോയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും പ്രവർത്തനങ്ങളിലും അംബാസഡർമാരുടെ സംഘം സംതൃപ്‌തി അറിയിച്ചു.