എറണാകുളം : ഫാം ടൂറിസത്തിന്‍റെ അനന്ത സാധ്യതകളിലേക്ക് കൂടി വളരുകയാണ് ആലുവ വിത്തുത്പാദന കേന്ദ്രം (Aluva Seed Farm farm tourism spot Kerala). രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ സീഡ് ഫാം (Aluva Seed Farm) കാർബൺ നെഗറ്റീവ് എന്ന നേട്ടം കൂടി കൈവരിച്ചിരുന്നു. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് ഇപ്പോൾ തന്നെ ആലുവ തുരുത്തിൽ സ്ഥിതിചെയ്യുന്ന സീഡ് ഫാമിൽ എത്തിചേരുന്നത്.
പെരിയാറിന്‍റെ തീരത്തുള്ള ഇവിടെയെത്താൻ ബോട്ടോ ചങ്ങാടമോ വേണം. ആലുവ കിഴക്കേ ദേശത്തെയും സീഡ് ഫാമിനെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡ് പതിനഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു സോളാർ ബോട്ട് നൽകാൻ ധാരണയായിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ ആലുവ നഗരത്തിൽ നിന്ന് തന്നെ പെരിയാറിലൂടെ എളുപ്പത്തിൽ ആലുവ സീഡ് ഫാമിൽ എത്തിച്ചേരാൻ കഴിയും.
യാത്രാസൗകര്യം ആകുന്നതോടെ രാജ്യത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഫാം ടൂറിസ്റ്റ് കേന്ദ്രമായി ഈ വിത്തുത്‌പാദന കേന്ദ്രം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1919ൽ രാജഭരണ കാലത്ത് കൃഷി പാഠശാലയെന്ന നിലയിലായിരുന്നു ഇവിടെ കരിമ്പ് കൃഷി ആരംഭിച്ചത്. ജനകീയ സർക്കാർ നിലവിൽ വന്നതോടെയാണ് ഇത് വിത്തുത്പാദന കേന്ദ്രമാക്കി മാറ്റിയത്. സംയോജിത കൃഷിരീതി പിന്തുടരുന്ന വിത്തുത്പാദന കേന്ദ്രത്തിൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ജൈവ വളങ്ങൾ മാത്രമാണ് ഉപയോഗിച്ചുവരുന്നത് (Aluva Seed Farm specialities).
രാസവളങ്ങളും കീടനാശിനികളും പൂർണമായും ഒഴിവാക്കുകയും ചെയ്‌തു. വിത്തുത്പാദനത്തിനായുള്ള നെൽകൃഷി, കാസർകോട് കുള്ളൻ പശുക്കൾ, കുട്ടനാടൻ താറാവ്, കോഴികൾ, മലബാറി ആടുകൾ, മത്സ്യ കൃഷി തുടങ്ങിയവ സംയോജിപ്പിച്ച് വിജയകരമായി ജൈവ കൃഷി എങ്ങനെ ചെയ്യാമെന്നതിന്‍റെ മാതൃകയായ ഒരു കൃഷി പാഠശാല കൂടിയാണ് ആലുവ വിത്തുത്പാദന കേന്ദ്രം. ഒരു തോട്ടത്തിൽ നിന്നും പുറത്തേക്ക് വിടുന്ന കർബൺ ഡൈ ഓക്സൈഡിന്‍റെ അളവും അവിടെ സ്വീകരിക്കപ്പെടുന്ന കാർബൺ വാതകത്തിന്‍റെ അളവും തുല്യമാകുമ്പോഴാണ് കാർബൺ ന്യൂട്രൽ എന്ന വിശേഷണത്തിന് അർഹത നേടുക.
ജൈവ കൃഷി രീതിയിലൂടെ മാത്രം ഈ നേട്ടം കൈവരിക്കാൻ കഴിയില്ല. പുറത്തേക്ക് വിടുന്ന കാർബൺ വാതകത്തിന്‍റെ അളവ് കുറച്ച് കൊണ്ടുവരാനുള്ള നിരവധി ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടരേണ്ടതുണ്ട്. കൃഷി വകുപ്പിൻ്റെ നിർദേശപ്രകാരം കേരള കാർഷിക സർവകലാശാല നടത്തിയ മാസങ്ങൾ നീണ്ടുനിന്ന പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമാണ് ആലുവ വിത്തുത്പാദന തോട്ടം കാർബൺ ന്യൂട്രൽ പദവി കൈവരിച്ചതായി കണ്ടെത്തിയത്. അതോടൊപ്പം, നിലവിൽ കാർബൺ നെഗറ്റീവ് എന്ന വിശേഷണത്തിന് കൂടി ഈ തോട്ടം അർഹത നേടിയതായി കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന വിളവ് നൽകുന്ന നെല്ലാണ് ഈ ഫാമിലെ പ്രധാന വിള, ഞവര, രക്തശാലി, ജപ്പാൻ വയലറ്റ്, ചോട്ടാടി, വടക്കൻ വെള്ളരി കൈമ, പൊക്കാളി, മാജിക് റൈസ് എന്ന് അറിയപ്പെടുന്ന ആസാമിലെ കുമോൾ സോൾ എന്നിവയുൾപ്പടെ വിവിധയിനം കൃഷി ചെയ്യുന്നു. നെൽ പാടങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം ഒഴിവാക്കുന്നതിനായി പാടങ്ങളിൽ താറാവിനെ ഉപയോഗിക്കുന്ന ഡെക്ക് റൈസ് ഫാമിങ്ങും ഇവിടെ വിജയകരമായി നടത്തുകയാണ്. ജൈവ വളങ്ങൾക്കും ജൈവ കീടനാശിനികൾക്കും വേണ്ടിയാണ് വിത്തുത്പാദന കേന്ദ്രത്തിൽ പശുക്കളെ വളർത്തുന്നത്.
ഇതിന് പുറമെ, ആട്, കോഴി, മത്സ്യം, മണ്ണിര കമ്പോസ്റ്റ്, അസോള എന്നിവയുടെ കൃഷിയും മാലിന്യം കുറയ്ക്കാൻ സഹായിക്കുന്നു. കാർഷികാവശിഷ്‌ടങ്ങളെ കമ്പോസ്റ്റാക്കി മാറ്റിയും ചാണകം പോലുള്ളവയും വയലുകളില്‍ വളം ആയി ഉപയോഗിക്കുന്നു. ഫാമിലെ താറാവുകളും കോഴികളും കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫാമിന് മേൽക്കൂരയിൽ സ്ഥാപിച്ച സോളാർ പാനലുകൾ വഴി ലഭിക്കുന്ന വൈദ്യുതിയിലാണ് വിത്തുത്പാദന കേന്ദ്രത്തിന്‍റെ കാര്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുത സ്വയംപര്യാപ്‌തത നേടാനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും.
Also Read: പ്ലാസ്‌റ്റിക് ക്രിസ്‌മസ് ട്രീകൾക്ക് വിട; ഒറിജിനലുമായി സർക്കാർ സീഡ് ഫാം
ചോളം, കപ്പ, റാഗി, ചിയ, എള്ള്, പപ്പായ, തക്കാളി, കാപ്‌സിക്കം, കാബേജ്, വഴുതന, പയർ, എന്നിവയും പശുക്കൾക്കുള്ള തീറ്റപ്പുല്ലും ഇവിടെ കൃഷി ചെയ്‌തുവരുന്നു. വൈവിധ്യവത്‌കരണത്തിന്‍റെ ഭാഗമായി ഹെയർ ഓയിൽ ഉൾപ്പടെ നിലവിൽ ഇവിടെ നിന്നും പുറത്തിറക്കുന്നുണ്ട്. വിത്തുത്‌പാദന കേന്ദ്രമായ ഈ തുരുത്തിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് കണ്ണിന് കുളിർമയേകുന്ന പച്ചപ്പും ശുദ്ധമായ വായുവുമാണ്. വിത്തുത്പാദന തോട്ടത്തിന്‍റെ കാര്യാലയത്തിന് പുറമെ കൃഷി പരിശീലനത്തിനായുള്ള ഒരു കേന്ദ്രവും ഇവിടെയുണ്ട്.