എറണാകുളം : ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടുവയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ച (Guest worker's child rape) കേസിലെ പ്രതി ക്രിസ്‌റ്റിൽ രാജിനെ (Christil raj) സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽനിന്നും എടുത്തുകൊണ്ടുപോയതും ഉപദ്രവിച്ചതുമെല്ലാം ഭാവമാറ്റങ്ങളില്ലാതെ പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഏകദേശം നാനൂറ് മീറ്ററോളം അകലെയുള്ള പാട ശേഖരത്തിന് നടുവിലെ മോട്ടോർ ഷെഡിനകത്ത് എത്തിച്ചും തെളിവെടുത്തു. ഇവിടെവച്ചാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്.
ഫൊറൻസിക് വിഭാഗവും മോട്ടോർ ഷെഡിനകത്ത് പരിശോധന നടത്തി. വിരലടയാളങ്ങൾ ഉൾപ്പടെയുള്ള തെളിവുകളും ശേഖരിച്ചു. പ്രതി ഒളിച്ചിരുന്ന പെരിയാറിന്‍റെ തീരത്ത് പാലത്തിനടിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
ഇവിടെ നിന്നും പ്രതി ഒളിപ്പിച്ചതെന്ന് കരുതുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. എറണാകുളം പോക്സോ കോടതി പ്രതി ക്രിസ്‌റ്റിൽ രാജിനെ കഴിഞ്ഞ ദിവസം ഏഴ് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. പതിനെട്ടാം തിയതി രാവിലെ പതിനൊന്ന് മണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
പോക്സോയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, ബലാത്സംഗം, കൊലപാതക ശ്രമം, ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലും പീഡനവും, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമായാണെന്നും പ്രതി പെൺകുട്ടിയുടെ വീട്ടിൽ നേരത്തെയും എത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി മോഷണ കേസുകളും പോക്സോ കേസും നിലവിലുള്ളതായി പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിയെ പിടികൂടിയത് ഇങ്ങനെ : കഴിഞ്ഞ ഏഴാം തിയതി രണ്ടേകാലോടെ നടന്ന നാടിനെ നടുക്കിയ ക്രൂരമായ സംഭവത്തിൽ മണിക്കൂറുകൾക്കകമായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. പെരിയാറിലെ മാർത്താണ്ഡ വർമ്മ പാലത്തിനുതാഴെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെ ഈ പ്രദേശം വളഞ്ഞായിരുന്നു പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പുഴയിൽ ചാടി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.
എന്നാൽ, നീന്തൽ വശമില്ലാത്ത പ്രതിക്ക് കൂടുതൽ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരിൽ ചിലർ പുഴയിലിറങ്ങി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പെരിയാറിന്‍റെ കരയിൽ ഒളിച്ചിരുന്ന് രാത്രി സമയത്ത് ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി പെരുമ്പാവൂരിലും സമാനമായ രീതിയിൽ മോഷണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിലും പ്രതിയെ പൊലീസ് പിന്നീട് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഏഴ് വർഷം മുമ്പ് തിരുവനന്തപുരത്ത് മാനസിക വൈകല്യമുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ക്രിസ്‌റ്റില്‍ രാജ്.
ഇതോടെയാണ് പ്രതി കൊച്ചിയിലെത്തി ആൾമാറാട്ടം നടത്തി കഴിഞ്ഞത്. ചില്ലറ ജോലികളും, ചെറിയ മോഷണങ്ങളുമായിരുന്നു പ്രതിയുടെ രീതി. സംഭവദിവസം പുലർച്ചെ പെൺകുട്ടിയുടെ വീടിനുസമീപത്തെ മൂന്ന് വീടുകളിലെത്തി മോഷണം നടത്താൻ കഴിയുമോയെന്ന് പ്രതി പരിശോധിച്ചതായാണ് സംശയിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി എത്തിച്ച പൊലീസ് നായ മണം പിടിച്ച് സമീപത്തെ മൂന്ന് വീടുകളിൽ എത്തിയിരുന്നു.
പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, തുറന്നിട്ട ജനൽ വഴി വാതിൽ തുറന്നാണ് അകത്തുകടന്നത്. തുടർന്ന് അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ കരച്ചിൽക്കേട്ട സമീപവാസിയായാണ് പ്രതി പെൺകുട്ടിയെ മർദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അയൽവാസിയായ സുകുമാരൻ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
ഇവർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുമായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിവരമറിയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.