ആലുവ: ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ(Aluva Pulinchode bike accident) പെൺകുട്ടിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ സ്വദേശിനി ലിയ ജിജി (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിബിൻ ജോയി (23) ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് വീഴുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് (29.11.23) പുലർച്ചെ ഒന്നേകാലോടെ കൊച്ചി മെട്രോ പില്ലർ നമ്പർ 69 ന് സമീപമായിരുന്നു അപകടം.
പരിക്കേറ്റവരെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണപ്പെട്ട ലിയയുടെ മൃതദേഹം അങ്കമാലിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മോർട്ടവും പൂർത്തിയാക്കി ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്തു. അപകടത്തിനിടയാക്കിയ ഇരുചക്രവാഹനമോടിച്ച യുവാവും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.