പശ്ചാത്തലം : ഒരു ചെറു പൂവിനെ ഇതളോടെ കശക്കിയെറിയുന്ന ലാഘവത്തോടെ 5 വയസ്സുള്ള പിഞ്ചോമനയെ കൊന്നു തള്ളിയ ക്രൂരതയ്ക്കാണ് കോടതി പ്രതി അസ്‌ഫാക്കിന് തൂക്ക് മരണം വിധിച്ചത്. ആലുവയില്‍ നടന്ന ക്രൂരതയ്ക്ക് രണ്ടാമത് വധശിക്ഷ കിട്ടുന്ന പ്രതിയാണ് ബിഹാറുകാരനായ അസ്‌ഫാക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് (2001 ജനുവരി 6) ആലുവയില്‍ നടന്ന ഒരു കൂട്ടക്കൊല ഇന്നും നടുക്കുന്ന ഓര്‍മയാണ്. അന്ന് ആന്‍റണി എന്ന പ്രതി ഒരു കുടുംബത്തിലെ എല്ലാവരെയും കൊന്ന് തള്ളി. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ(14), ജെസ്മോന്‍ (12), അഗസ്റ്റിന്‍റെ അമ്മ ക്ലാര (78), സഹോദരി കൊച്ചുറാണി (38), എന്നിവരാണ് ആന്‍റണിയുടെ കൊലക്കത്തിക്ക് അന്ന് ഇരയായത്. 2005 ഫെബ്രുവരി 5 ന് ആന്‍റണിക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.
കരളുപൊട്ടുന്ന ഓര്‍മ : 2023 ജൂലൈ 28 മലയാളികള്‍ അത്ര പെട്ടന്ന് മറക്കാന്‍ ഇടയില്ലാത്ത ദിവസമായി തന്നെ കലണ്ടറിലും കരളിലും മുറപ്പാടുമായി അവശേഷിക്കും. ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് അതിഥി തൊഴിലാളികളായി എത്തിയ കുടുംബത്തിലെ അഞ്ചുവയസ്സുകാരി മറ്റൊരു ബിഹാര്‍ സ്വദേശിയുടെ ക്രുരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത് അന്നാണ്.
അസ്‌ഫാക്കിന്‍റെ ക്രിമിനല്‍ പശ്ചാത്തലം: മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിമയായ അസ്‌ഫാക്ക് എന്ന കൊടും ക്രൂരന്‍ 2018 ല്‍ ഡല്‍ഹിയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. പോക്സോ കേസില്‍ പ്രതിയായ ഇയാള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് കേരളത്തിലേക്ക് കടന്നത്. കുറച്ച് കാലം ഏറണാകുളം ജില്ലയില്‍ പലയിടത്തും ജോലി നോക്കി, പിന്നീടാണ് ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ രക്ഷിതാക്കളെ പ്രതി അറിയുമായിരുന്നു. ആ പരിചയം മുതലെടുത്താണ് സംഭവ ദിവസം മദ്യ ലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടില്‍ നിന്ന് അകലേക്ക് കൂട്ടിക്കൊണ്ടു പോയത്. 2018 ല്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി 2023 ല്‍ 2018 ല്‍ ജനിച്ച പെണ്‍കുട്ടിയെ ആണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
രക്ഷിക്കാനാകാതെ പോയവര്‍ : പെണ്‍കുട്ടി പ്രതിക്കൊപ്പം പോകുന്നത് കണ്ട നാട്ടുകാരോ തൊഴിലാളികളോ സംശയിക്കാത്തത് ഇരുവരും അതിഥി തൊഴിലാളികള്‍ ആയതുകൊണ്ട് കൂടിയാണെന്ന് എടുത്ത് പറയണം. കൂടാതെ കുട്ടിയുടെ ബന്ധുവെന്ന പ്രതിയുടെ നാട്യവും ദുരന്തം ഒഴിവാക്കുന്നതിന് തടസ്സമായിരുന്നു.
പ്രോസിക്യൂഷനും സാക്ഷികളും : പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. പൊലീസ് അന്വേഷണവും കൃത്യമായിരുന്നു. തെളിവുകള്‍ അക്കമിട്ട് നിരത്തിയ കുറ്റപത്രം. സത്യത്തില്‍ ഉറച്ച് നിന്ന സാക്ഷികളും അവരുടെ മൊഴിയും. ആലുവയില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ പ്രോസിക്യൂഷനും പൊലീസും സാക്ഷികളും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
ക്രൂരതയ്ക്കുള്ള ശിശുദിന സന്ദേശം : രാജ്യം ശിശുദിനം ആഘോഷിക്കുന്ന നവംബര്‍ 14 ന് തന്നെ കുട്ടിയെ പീഡിപ്പിച്ചുകൊന്ന കൊടും ക്രൂരന് വധശിക്ഷ ലഭിച്ചത് യാദൃശ്ചികമാണെങ്കിലും അത് ലോകത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കുമുള്ള താക്കീതായി ഈ കോടതി വിധി എല്ലാക്കാലത്തും ഓര്‍ക്കപ്പെടുകയും ചെയ്യും.
Also Read : ക്രൂരന് വധശിക്ഷ, ആലുവ കേസില്‍ പ്രതി അസ്‌ഫാക് ആലത്തിന് തൂക്കുകയർ വിധിച്ച് കോടതി