എറണാകുളം: ശിവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായി ആലുവ മണപ്പുറത്ത് ശുചീകരണ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ശുചീകരണ പ്രവർത്തനം പൂർത്തീകരിക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് അധികാരികൾ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ഇത്തവണത്തെ ശിവരാത്രി ചടങ്ങ് നടത്തുക. ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് ബലിതർപ്പണത്തിന് ക്രമീകരണം ചെയ്തിട്ടുള്ളത്.
ഒരു സമയത്ത് 1000 പേർക്കുള്ള ബലിതർപ്പണ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ പറഞ്ഞു. ശിവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായുള്ള ആഘോഷപരിപാടികളും കച്ചവടത്തിനുള്ള സൗകര്യങ്ങളും ഇത്തവണ ഏർപ്പെടുത്തുന്നതല്ല. വിശ്വാസികൾക്കുവേണ്ടി എല്ലാ വർഷവും ഒരുക്കുന്ന വാഹനസൗകര്യങ്ങളും ഉണ്ടായിരിക്കില്ല. ബലിതർപ്പണത്തിനായുള്ള ടെന്‍റുകളും മറ്റും തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടിട്ടുണ്ട്. കൊവിഡിന്‍റെ സാഹചര്യത്തിൽ ആഘോഷങ്ങളും മേളങ്ങളുമില്ലാതെ അരങ്ങേറുന്ന ശിവരാത്രി മഹോത്സവത്തിനായിരിക്കും വിശ്വാസികൾ ഈ വർഷം സാക്ഷ്യം വഹിക്കുക.