എറണാകുളം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായ ഉത്തരവ് കൈമാറി. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്‌ണന്‍, എംബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്. ജില്ല കലക്‌ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ട് ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്‍റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.
ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്. ദാരുണമായ സംഭവത്തില്‍ സർക്കാർ കുട്ടിയുടെ കുടുംബത്തിന് ഒപ്പമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിന് പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്.
ശാസ്ത്രീയമായ തെളിവുകൾ പരാമാവധി ശേഖരിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ആവശ്യമാണ്. ഒരു കര്‍മപദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്താന്‍ തീരുമാനം: ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പൊലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും പ്രവര്‍ത്തനം.
കഴിഞ്ഞദിവസം ജില്ലാതലത്തില്‍ ഉദ്യോഗസ്ഥതല യോഗവും ചേര്‍ന്നിരുന്നു. മാതാപിതാക്കള്‍ ജോലിക്കുപോകുന്നതിനാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ഡേ. കെയര്‍ സജ്ജമാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നതിന കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി: അതേസമയം അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക്ക് ആലത്തെ കുറ്റകൃത്യം നടന്ന ആലുവ മാർക്കറ്റിലെ പറമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി 10ാം തിയതി വരെ പൊലീസ് കസ്‌റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച (28.07.2023) വൈകുന്നേരമായിരുന്നു ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്.
ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാനില്ലന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, അസ്‌ഫാക്ക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യ ലഹരിയിൽ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ശനിയാഴ്‌ച രാവിലെയോടെയാണ് പ്രതി ചോദ്യം ചെയ്യലുമായി അല്‍പമെങ്കിലും സഹകരിക്കാൻ തയ്യാറായത്. ആദ്യ ഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു.
ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപാതകം: ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിന്‍റെ മൂലയിൽ ഉപേക്ഷിച്ചതായി സമ്മതിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്‌തു.
കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായി. ഞായറാഴ്‌ച കുട്ടി പഠിച്ച തായിക്കാട്ട്കര എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചത്.