എറണാകുളം: ആലുവയിൽ കാണാതായ ആറുവയസുകാരി പെൺകുട്ടിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ആലുവ മാർക്കറ്റിന് സമീപമാണ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അസ്‌ഫാക് ആലത്തെ പിടികൂടുകയും പെൺകുട്ടിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
21 മണിക്കൂർ തെരച്ചില്‍: കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി അസ്‌ഫാക്ക് ആലം രാവിലെ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വെച്ച് ഒരു സുഹൃത്ത് വഴിയാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് അസ്‌ഫാക്ക് ആലത്തേയും സക്കീറിനെയും തമ്മിൽ പരിചയപ്പെടുത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കുട്ടിയെ വിൽപ്പന നടത്തിയതാകാം എന്നാണ് പൊലീസ് സംശയിച്ചിരുന്നത്.
പ്രതിയുടെ കയ്യിൽ നിന്ന് പണമോ മറ്റോ കിട്ടിയിട്ടില്ല. കുട്ടിയെ കൈമാറിയെന്ന് പ്രതി മൊഴി നൽകിയ ഫ്ലൈ ഓവറിൽ പ്രതിയെ എത്തിച്ചും പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടിയെ കാണാതായി ഇരുപതാം മണിക്കൂർ പിന്നിട്ടപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബിഹാർ സ്വദേശികളുടെ മകൾ: കഴിഞ്ഞ അഞ്ചുവർഷമായി ആലുവയിലെ തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയുടെ മകളെയാണ് പ്രതി അസ്‌ഫാക്ക് ആലം ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കടത്തികൊണ്ടുപോയത്. ഇതേ തുടർന്ന് ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിയിലാകുന്ന വേളയിൽ ഇയാൾ മദ്യലഹരിയിലായിരുന്നു.
വെള്ളിയാഴ്ച (28.07.23) വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിഹാർ സ്വദേശിക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇയാൾ കെഎസ്ആർടി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തിയിരുന്നു. പ്രതി മദ്യലഹരിയിലായതിനാൽ ചോദ്യംചെയ്യലിൽ ആദ്യ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ മുതലാണ് പ്രതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജ്യൂസ് വാങ്ങി നൽകിയ ശേഷം കുട്ടിയെ കണ്ടിട്ടില്ലെന്ന തെറ്റായ മൊഴിയായിരുന്നു പ്രതി നൽകിയത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയ വിവരങ്ങൾ ലഭിച്ചത്. അതേ സമയം മൃതദേഹം കിട്ടിയ സാഹചര്യത്തിൽ പ്രതി അസ്‌ഫാക്ക് തന്നെയാണോ കൊല നടത്തിയത്, ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങി കാര്യങ്ങളിൽ ഉൾപ്പടെ പൊലീസ് വിശദമായ അന്വേഷണം നടത്തും.