എറണാകുളം: ഇടവേളയ്ക്ക് ശേഷം ആലപ്പി അഷ്റഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' ഉടന്‍ തീയേറ്ററുകളിലേക്ക്. 'നിന്നിഷ്ടം എന്നിഷ്ടം' എന്ന മോഹൻലാൽ ചിത്രത്തിന്റെ പേര് മാത്രം മതി ആലപ്പി അഷ്റഫ് എന്ന സംവിധായകനെ മലയാള സിനിമ പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കാൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ആലപ്പി അഷ്റഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മൂന്ന് തലമുറയിലെ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് താനെന്ന് ആലപ്പി അഷ്റഫ് ഇടിവിയോട് പറഞ്ഞു. തന്റെ മിക്ക സിനിമകളും വലിയ താരങ്ങളെ വച്ചല്ല സംവിധാനം ചെയ്തിരിക്കുന്നത്. അത് തന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള നിരവധി താരങ്ങളും ടെക്നീഷ്യന്‍സും അവസരങ്ങള്‍ക്കായി അലയുന്നുണ്ട്. ഞാന്‍ അവര്‍ക്കൊപ്പമാണെന്നും അഷ്റഫ് പറഞ്ഞു.
ചിത്രത്തില്‍ നായകനായി എത്തുന്നത് പുതുമുഖ താരമായ നഹാലാണ്. ഒരു മാര്‍ഷല്‍ ആര്‍ടിസ്റ്റ് കൂടിയായ നഹാല്‍ മലയാള സിനിമയുടെ ഭാവി ആക്ഷന്‍ ഹീറോയാണ്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ എടുക്കുമ്പോള്‍ ആക്ഷൻ ഡയറക്ടര്‍ മാഫിയ ശശി വരെ നഹാലിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
താൻ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് കണ്ടിട്ട് മാഫിയ ശശി അപ്പോൾ പ്ലാൻ ചെയ്തിരുന്നതിലും മെച്ചപ്പെട്ട രീതിയിലാണ് ആക്ഷൻ രംഗങ്ങൾ ചെയ്യാന്‍ സാധിച്ചതെന്ന് നായകൻ നഹാൽ ഓർത്തെടുത്തു. മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ ആക്ഷൻ രംഗങ്ങൾ പൂർത്തിയാക്കാനും സാധിച്ചു. ആദ്യ ചിത്രമായത് കൊണ്ടുതന്നെ അഭിനയത്തിന്റെ ആഴത്തിൽ കടന്ന് ചെല്ലാൻ സമയമെടുത്തിരുന്നു. പക്ഷേ സംവിധായകന്റെ സംതൃപ്തിക്ക് അനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്.
തങ്ങളുടെ ആദ്യ സിനിമ മലയാള പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കണമെന്ന് നാഹാലും ഗോപികയും ആവശ്യപ്പെട്ടു. ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കൊല്ലം അകത്തുമുറിയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. ചിത്രത്തിനായി ആദ്യമായാണ് ശ്രേയ ഘോഷാല്‍ ഒരു ക്രിസ്ത്യന്‍ ഗാനം ആലപിക്കുന്നത്. യേശുദാസ് അടക്കമുള്ള വലിയ ഗായകർ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മൂന്ന് പുതുമുഖ സംഗീത സംവിധായകരെ മലയാളത്തിന് സമ്മാനിക്കുന്ന ചിത്രം കൂടിയാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. ഗോപിക ഗിരീഷാണ് ചിത്രത്തിലെ നായിക കഥാപാത്രമായെത്തുന്നത്.
ഗാനങ്ങൾ- ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം - അഫ്സൽ യൂസഫ്, കെ.ജെ ആൻ്റണി, ടി.എസ് ജയരാജ്, ആലാപനം-യേശുദാസ്, ശ്രേയ ഘോഷാൽ, നജീബ് അർഷാദ്, ശ്വേത മോഹൻ, ഛായാഗ്രഹണം-ബി.ടി മണി, എഡിറ്റിങ്-എൽ. ഭൂമിനാഥൻ, കലാസംവിധാനം-സുനിൽ ശ്രീധരൻ, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈൻ-തമ്പി ആര്യനാട്, ഫിനാൻസ് കൺട്രോളർ-ദില്ലി ഗോപൻ, ലൈൻ പ്രൊഡ്യൂസർ-എ.കബീർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രതാപൻ കല്ലിയൂർ.
also read: സലാര്‍ ആദ്യ ടിക്കറ്റ് വാങ്ങി രാജമൗലി; പൃഥ്വിരാജിനും പ്രഭാസിനും ഒപ്പമുള്ള ചിത്രം വൈറല്‍