എറണാകുളം: നഗരത്തിലെ വിവിധ ലോഡ്‌ജുകളില്‍ മുറിയെടുത്ത് താമസിച്ച് രാത്രി കാലങ്ങളിൽ ഹോസ്റ്റലുകളിലും ദീർഘ ദൂര ട്രെയിനുകളിലും മൊബൈൽ മോഷണം പതിവാക്കിയ പ്രതികൾ പിടിയിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഫരീദ് ആലം (25), സയ്യദ് (19), മുഹമ്മദ് ഗുൽജാർ (18) എന്നിവരാണ് പിടിയിലായത്.
ഹോസ്റ്റലുകളിലും മറ്റും മൊബൈൽ മോഷണം വർധിച്ച സാഹചര്യത്തിൽ കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നോർത്ത് പാലത്തിനടിയിൽ നിന്ന് നാല് മൊബൈൽ ഫോണുകളുമായി സയ്യദ്, ഗുൽജാർ എന്നിവരാണ് ആദ്യം പിടിയിലായത്. തുടർന്ന് ഇവർ താമസിച്ചിരുന്ന നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്‌ജില്‍ പരിശോധന നടത്തവേ ഫരീദും പിടിയിലായി. ഇവരുടെ ബാഗിൽ നിന്നും ഇരുപതോളം വിലകൂടിയ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇതിൽ മൂന്നു ഫോണുകൾ കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന മുറിയിൽ നിന്നും മോഷണം നടത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചു. ഫോണുകളുടെ ഉടമകളെ കണ്ടെത്തുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.