എറണാകുളം: കളമശേരി മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കൊവിഡ് ബാധിച്ച് മരിച്ച ബൈഹക്കി എന്നയാള്‍ ആശുപത്രിയിൽ നിന്നും അയച്ച ശബ്‌ദ സന്ദേശം ബന്ധുക്കൾ പുറത്ത് വിട്ടു. ആശുപത്രിയിൽ നല്ല ശ്രദ്ധ കിട്ടണമെങ്കിൽ പണം നൽകണം. ഇതിനായി 40,000 രൂപം അയച്ച് തരണമെന്നാണ് ശബ്‌ദസന്ദേശത്തിലുള്ളത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ നിന്ന് ബൈഹക്കി സന്ദേശമയച്ചത്. ജൂലായ് 24നാണ് ആലുവ എടത്തല സ്വദേശി കാഞ്ഞിരത്തിങ്കൽ ബൈഹക്കി (59) കൊവിഡ് ചികിത്സക്കിടെ മരണപ്പെട്ടത്. ബൈഹക്കിയുടെ ചികിത്സയിൽ പിഴവ് സംഭവിച്ചുവെന്ന് കളമശേരി മെഡിക്കൽ കോളേജിലെ ഡോ. നജ്‌മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
40,000 തുക ഒരുമിച്ചോ 20,000 രൂപ വീതം രണ്ട് തവണയായോ നൽകാമെന്നാണ് പറയുന്നത്. നിരന്തരം അവശ്യം ഉന്നയിച്ചപ്പോൾ ചെക്ക് നൽകാമെന്ന് ബന്ധുക്കൾ അറിയിച്ചു. ചെക്ക് എഴുതി ചിത്രം അയച്ചു കൊടുക്കുകയും ചെയ്‌തു. എന്നാൽ ഇതിനിടെ ബൈഹക്കി മരണപ്പെട്ടു. ഇപ്പോഴത്തെ സംഭവങ്ങൾ പുറത്തു വരുമ്പോൾ അന്ന് പണം നൽകാത്തതുകൊണ്ട് മികച്ച ചികിത്സ ലഭിച്ചിരുന്നോ എന്ന സംശയമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഉടൻ പൊലീസിന് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
അതേ സമയം കളമശേരി മെഡിക്കല്‍ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ജീവനക്കാരുടെ അനാസ്ഥയാണ് രോഗി മരിക്കാന്‍ കാരണമെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. മരണസമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ച ഹാരിസിന്‍റെ മരണം ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ കാരണമെന്ന് വ്യക്തമാക്കുന്ന നഴ്‌സിങ് ഓഫീസറുടെ ശബ്‌ദ സന്ദേശവും ഇത് ശരിവെക്കുന്ന ഡോ. നജ്‌മയുടെ വെളിപ്പെടുത്തലിനും പിന്നാലെയാണ് കളമശേരി മെഡിക്കൽ കോളജിനെതിരെ മറ്റൊരു ഗുരുതര ആരോപണവും ഉയരുന്നത്.