എറണാകുളം : ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ എട്ട് മണിക്ക് മഹാരാജാസ് കോളജിൽ വോട്ടെണ്ണൽ ആരംഭിക്കും. കൃത്യവും സുതാര്യവുമായ നടപടികളാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങളെല്ലാം മഹാരാജാസ് കോളജിലെ സ്ട്രോങ്ങ് റൂമിൽ കനത്ത സുരക്ഷിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂർണ്ണമായും സി.സി.ടി വി. ക്യാമറ നിരീക്ഷണത്തിലാണ് സ്ട്രോങ്ങ് റൂമുകളിൽ നിന്ന് വോട്ടെണ്ണൽ ഹാളിലേക്ക് വോട്ടിങ്ങ് മെഷീനുകൾ മാറ്റുന്നത്. സ്ഥാനാർഥികൾക്ക് വോട്ടെണ്ണൽ കാണുന്നതിനുള്ള ഡിസ്പ്ലേ സൗകര്യവും ഇതിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ടേബിളുകളിലും ഒരു റൗണ്ട് പൂർത്തിയാക്കിയ ശേഷമേ റൗണ്ട് പൂർണ്ണമായ ഇ.വി.എമ്മുകൾ സ്ട്രോങ്ങ് റൂമിലേക്ക് മടക്കി അയക്കുകയുള്ളു. റൗണ്ടുകൾക്കിടയിൽ കൂടിച്ചേരൽ അനുവദിക്കില്ല. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ പൂർത്തിയായി. 20 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 20 കൗണ്ടിംഗ് അസിസ്റ്റന്‍റുമാർ 20 മൈക്രോ ഒബ്‌സവർമാര്‍ എന്നിവർക്കാണ് വോട്ടെണ്ണല്‍ ചുമതല.
മണ്ഡലത്തിൽ 135 പോളിംഗ് ബൂത്തുകളിലായി 57.9 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 43695 സ്‌ത്രീകളും 46223 പുരുഷന്മാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ഒരാളുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത് കുറുങ്കോട്ട അങ്കണവാടിയിലാണ്. 21 -ാം നമ്പർ പോളിങ് സ്റ്റേഷനായ ഇവിടെ 85.98 ശതമാനം പേർ വോട്ട് ചെയ്തു. കുറവ് വോട്ടെടുപ്പ് നടന്നത് കട്ടാരിബാഗ് സെൻട്രൽ സ്കൂളിലാണ്. 6.54 ശതമാനം പേർ മാത്രമാണ് ഇവിടെ വോട്ട് ചെയ്‌തത്. വോട്ടെടുപ്പ് ദിനത്തിൽ കനത്ത മഴ പെയ്യുകയും നഗരത്തിൽ റോഡുകളിൽ വെള്ളമുയർന്നതും പോളിങ് ശതമാനം കുറയുന്നതിന് കാരണമായെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ.