കൊച്ചി: നിർമ്മാണം പൂർത്തിയായി മൂന്നുവർഷത്തിനുശേഷം കൊച്ചിയിലെ ട്രൈബൽ ഹെറിറ്റേജ് സെന്‍റർ യാഥാർഥ്യമാകുന്നു. കൊച്ചിയിലെ ഫോട്ടോ റോഡിനോട് ചേർന്ന് 18 സെന്‍റ് ഭൂമിയിൽ ട്രൈബൽ ഹെറിറ്റേജ് സെന്‍ററിന്‍റെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരത്തിലേറി മൂന്ന് വർഷം പിന്നിടുന്ന വേളയിലാണ് ആദിവാസി പൈതൃക കേന്ദ്രം യാഥാർഥ്യമാകുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ ഓഡിറ്റോറിയം, പ്രദർശന വിൽപന സ്റ്റാളുകൾ, ഡോർമെറ്ററി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങൾ, ജീവിതശൈലി, തനത് ഉൽപ്പന്നങ്ങൾ എന്നിവ സമൂഹത്തന് പരിചയപ്പെടുത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. കഴിഞ്ഞ സർക്കാർ നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം നിര്‍മ്മിച്ചതും സാങ്കേതികമായ പ്രശ്നങ്ങളുമാണ് ആദിവാസി പൈതൃക കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് വൈകാന്‍ കാരണമായതെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.
അതോടൊപ്പം പൈതൃക കേന്ദ്രമല്ല എഡ്യുക്കേഷൻ ഹബ്ബാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ രംഗത്തെത്തിയിരുന്നു. ട്രൈബൽ ഹെറിറ്റേജ് സെന്‍റർ പദ്ധതി പുനപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു. കിറ്റ്കോയുടെ നേതൃത്വത്തിലാണ് അവശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജൂൺ മാസത്തിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനാണ് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ലക്ഷ്യമിടുന്നത്.