എറണാകുളം: മുട്ടത്തോടിനുള്ളിൽ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ ഒരാളെ പരിചയപ്പെടാം. പോത്താനിക്കാട് സ്വദേശിയായ റവന്യു വകുപ്പ് ഉദ്യേസ്ഥൻ വെട്ടിക്കുഴിയിൽ വീട്ടിൽ ജോണിയുടേയും ഭാര്യ റോസിലിയുടേയും മൂന്ന് മക്കളിൽ ഇളയവനായ അജയ് വി. ജോൺ ആണ് ആ താരം. മൂവാറ്റുപുഴ നിർമല കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അജയ് മുട്ടത്തോടിനുള്ളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ചാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയത്. മുക്കാൽ മണിക്കൂറെടുത്താണ് മുട്ടത്തോടിനുള്ളിൽ ഗാന്ധിജിയുടെ ചിത്രം വരച്ചത്.
പ്രൈമറി ക്ലാസ് മുതൽ അജയ് ഇത്തരം സൃഷ്ടികൾ ചെയ്യാറുണ്ട്. മുട്ട തോടിനുള്ളിൽ നേർത്ത സുഷിരം തീർത്ത് പേനയുടെ റീ ഫില്ലർ കടത്തിവിട്ടാണ് അജയ് ചിത്രം വരക്കുന്നത്. ചുവപ്പ്, പച്ച റീ ഫില്ലറുകൾ ഉപയോഗിച്ച് പശ്ചാത്തലം രൂപപ്പെടുത്തി എടുക്കും. ഇത്തരത്തിൽ മനോഹരമായ നിരവധി ചിത്രങ്ങളാണ് അജയ് പൂർത്തിയാക്കിയിട്ടുള്ളത്. തുടക്കത്തിൽ ഇതൊരു പരീക്ഷണമായിരുന്നുവെന്നും പിന്നീടാണ് യാഥാർഥ്യത്തിലേക്ക് എത്തിയതെന്നും അജയ് പറയുന്നു. ചിത്രരചന മാത്രമല്ല, മറ്റ് കലകളിലും അജയ് സജീവമാണ്. നിരവധി അംഗീകാരങ്ങൾ അജയ് വി. ജോണിനെ തേടിയെത്തിയിട്ടുണ്ട്.