എറണാകുളം: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. രാവിലെ മൂന്ന് മണിക്ക് ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ഉച്ചയ്ക്ക് 1:20നായിരുന്നു മടങ്ങേണ്ടിയിരുന്നത്.
എന്നാൽ വിമാനം യാത്ര തിരിക്കാൻ വൈകിയതോടെ യാത്രക്കാർ ആശങ്കയിലായി. ഉച്ചയ്ക്ക് യാത്ര തിരിക്കേണ്ട വിമാനം വൈകുന്നേരമായിട്ടും പുറപ്പെടാതായതോടെ യാത്രക്കാർ പ്രതിഷേധിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും ഇന്ന് യാത്രതിരിക്കാനാവില്ലെന്നും അധികൃതർ അറിയിച്ചത്. തുടർന്ന് യാത്ര മുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇരുന്നൂറോളം യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.
എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം കൊച്ചിയിൽ എത്തി തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം തുടങ്ങി. തകരാർ പരിഹരിച്ച് നാളെ യാത്ര തിരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് പതിനെട്ടിനായിരുന്നു കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് സിയാൽ വിമാന സർവീസ് ആരംഭിച്ചത്. യാത്രക്കാരുടെ ബുക്കിങ് അധികമായതോടെ ആഴ്ചയിൽ മൂന്ന് സർവീസ് ക്രമീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ഞായർ , ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലണ്ടനിലേക്ക് എയർ ഇന്ത്യ വിമാനം നേരിട്ട് സർവീസ് നടത്തുന്നത്.