എറണാകുളം: എയർ അറേബ്യ വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തും. ഡിജിസിഎ സംഘം തിങ്കളാഴ്‌ച കൊച്ചി എയർപോർട്ടിൽ എത്തി നേരിട്ട് പരിശോധന നടത്തും. അപകടം ഒഴിവായെങ്കിലും അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്ന സാഹചര്യം ഗൗരവമായാണ് വ്യോമയാന അധികൃതർ കാണുന്നത്.
ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ ജി 9-426 വിമാനം ഇന്നലെ (15-07-2022) വൈകുന്നേരം 7:13 കൊച്ചി എയർപോർട്ടിൽ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് ഹൈഡ്രോളിക് തകരാർ സംഭവിച്ചത്. ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തത്. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ല സൗകര്യങ്ങളും വിമാനത്താവളത്തില്‍ അധികൃതര്‍ ഒരുക്കിയിരുന്നു.
റൺവേ 09-ൽ 7:29-നാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തത്. ഏഴ് ജീവനക്കാർ ഉൾപ്പടെ 229 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 8:22ഓടെ പിന്‍വലിച്ചതിന് ശേഷമാണ് വിമാന സർവീസ് സാധാരണ നിലയില്‍ പുനഃരാരംഭിച്ചത്.