എറണാകുളം: ലോക്ക്ഡൗൺ കാലത്ത് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പിന്‍റെ ഇടപെടൽ. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഉൽപന്നങ്ങൾ വിറ്റഴിക്കുവാനോ ന്യായമായ വില ലഭിക്കുവാനോ കർഷകർ കടുത്ത പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഉദ്യോസ്ഥർ 'കർഷകർക്കൊരു കൈത്താങ്ങ്' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോതമംഗലം കൃഷി അസിസ്‌റ്റന്‍റ് ഡയറക്ടർ വി.പി സിന്ധുവിന്‍റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പല്ലാരിമംഗലം പഞ്ചായത്തിൽ ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ കർഷകരിൽ നിന്ന് അവരുടെ ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ആദ്യലോഡിന്‍റെ ഫ്ലാഗ് ഓഫ് പല്ലാരിമംഗലത്ത് കോതമംഗലം എംഎൽഎ ആന്‍റണി ജോൺ നിർവ്വഹിച്ചു.
കൊവിഡ് കാലത്ത് പ്രധാനമായും കപ്പ കർഷകരേയും പൈനാപ്പിൾ കർഷകരേയും സഹായിക്കുവാനാണ് ഇത്തരം ഒരു പദ്ധതിയുമായി കൃഷി വകുപ്പ് രംഗത്തു വന്നിരിക്കുന്നത്. കർഷകരിൽ നിന്ന് വാങ്ങിയ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കും. എറണാകുളത്തെ വിവിധ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ വിപണനം നടത്തുന്നത്. പല്ലാരിമംഗലം പഞ്ചായത്ത് കൃഷിഭവനും മൈത്രി ഇക്കോ ഷോപ്പും ആദ്യ വിതരണത്തിന് നേതൃത്വം നൽകി. തനി നാടൻ ഉൽപന്നങ്ങളായ കപ്പ, പൈനാപ്പിൾ, എന്നിവ കൂടാതെ ആവശ്യമനുസരിച്ച് നേന്ത്രൻ, പൂവൻ, ഞാലിപ്പൂവൻ എന്നിവയും നൽകുന്നുണ്ട്. വാട്സപ്പ് മുഖേന ഓർഡറുകൾ സ്വീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. കോതമംഗലം ബ്ലോക്കിലെ പല്ലാരിമംഗലം, കോതമംഗലം കൃഷിഭവനുകൾക്കാണ് പ്രവർത്തന ചുമതല. അഞ്ച് കിലോ പൈനാപ്പിളും മൂന്ന് കിലോ കപ്പയും ഉൾപ്പെടുന്ന 150 രൂപയുടെ കിറ്റാണ് വിതരണം നടത്തുന്നത്. ആദ്യ ലോഡ് എറണാകുളത്തെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കായി കയറ്റി അയച്ചു.
Also Read: ബജറ്റ് നിരാശാജനകം ; വ്യാപാരമേഖലയെ പരിഗണിച്ചില്ലെന്ന് മർച്ചന്‍റ് ചേംബർ ഓഫ് കൊമേഴ്‌സ്