എറണാകുളം: പൂക്കാട്ടുപടിയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. എടത്തല പഞ്ചായത്തിലെ ഒൻപതാം വാർഡ് പാലാഞ്ചേരിമുകൾ പ്രദേശത്താണ് ജനങ്ങൾക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത്. പ്രദേശത്തെ പച്ചക്കറി, വാഴ, പപ്പായ തോട്ടങ്ങളില്‍ ഇവകാരണം വലിയ നാശനഷ്ടമാണ് ഉണ്ടാകുന്നത്. ഒച്ചുകളെ കൂട്ടത്തോടെ ശേഖരിച്ചശേഷം ഉപ്പുവെള്ളത്തിലിട്ട് നശിപ്പിക്കുന്നുണ്ടെങ്കിലും ഇവയുടെ ശല്യം പെരുകുന്നതല്ലാതെ കുറയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവയെ നശിപ്പിച്ചതിനുശേഷം സഹിക്കാനാകാത്ത ദുർഗന്ധം വമിക്കുന്നതായും പ്രദേശവാസികൾ വ്യക്തമാക്കി.
വർഷങ്ങളായി നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ പഞ്ചായത്ത് ഉദ്യോസ്ഥരെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചുവെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.