എറണാകുളം: കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും, വിശകലനം ചെയ്യുന്നതിൽ നിന്ന് സ്പ്രിംഗ്ലറിനെ ഒഴിവാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. ഡാറ്റാ വിശകലനം ചെയ്യുന്നതിന് സി.ഡിറ്റിനെ ചുമതലപ്പെടുത്തിയതായും സർക്കാർ അറിയിച്ചു. സ്പ്രിംഗ്ലറിന്‍റെ കൈവശമുള്ള ഡാറ്റകൾ നശിപ്പിക്കാൻ നിർദേശിച്ചു. സോഫ്റ്റ് വെയർ അപ്പ്ഡേഷനിൽ മാത്രമാണ് ഇനി സ്പ്രിംഗ്ലറുമായി സഹകരിക്കുക.
സി.ഡിറ്റിന്‍റെ കൈവശമുള്ള ഡാറ്റകൾ സ്പ്രിംഗ്ലറിന് കാണാനാവില്ലെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. സിപ്രിംഗ്ലർ കരാറിനെതിരെ ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോവിഡിനെതിരായ പ്രവർത്തനം നടക്കുന്നതിനാലാണ് കരാർ റദ്ദാക്കാത്തതെന്നും കോടതി പറഞ്ഞിരുന്നു. വ്യക്തി വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകരുത്, വിവരശേഖരണത്തിന് സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
സംസ്ഥാന സർക്കാർ ആവശ്യപെട്ടാൽ ഡാറ്റാ വിശകലനത്തിന് ആവശ്യമായ സഹായം നൽകാമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സിപ്രിംഗ്ലർ കമ്പനിയെ കോവിഡ് പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു.