എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനി. ജയില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയെന്ന് ടി.ബി മിനി ആരോപിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ ശ്രീലേഖ പീഡനക്കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷക ടി.ബി.മിനി ഇ.ടി.വി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവകാശപ്പെട്ടു.
ജയില്‍ മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ശ്രീലേഖയ്‌ക്ക് പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയാണെന്ന് വ്യക്തമാണ്. ദിലീപിനെ കേസില്‍ ആദ്യം മുതല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹമാണ്.എം.എല്‍.എയുടെ ഭാര്യ ബന്ധുവാണ് ആര്‍ ശ്രീലേഖ. അവരെ സ്വാധീനിച്ച് ദിലീപിന് അനുകൂലമായി സംസാരിപ്പിച്ചു. ദിലീപിന് വേണ്ടി എന്തും ചെയ്യാൻ ഗണേഷ് കുമാറും കുടുംബവും സന്നദ്ധമാണ്. ഇതിന്‍റെ ഭാഗമായാണ് ശ്രീലേഖയുടെ പ്രതികരണം വന്നത്.
പറയുന്നത് തെറ്റാണെന്ന ബോധ്യത്തോടെയാണ് അവർ സംസാരിക്കുന്നത്. പ്രതികള്‍ ജയിലിൽ ഫോൺ ഉപയോഗിച്ചത് ശ്രീലേഖ ജയിൽ ഡി.ജി.പി.യായിരുന്ന കാലത്തു തന്നെയാണ്. എന്നാൽ ഇതിൽ തുടർ നടപടികൾ അവർ സ്വീകരിച്ചിട്ടില്ല. ഒദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയ ഒരാളാണ് ഇപ്പോൾ സംസാരിക്കുന്നത്. ശ്രീലേഖ തന്നെ താൻ ചെയ്‌ത കുറ്റ കൃത്യങ്ങൾ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്. സർവീസിൽ ഉണ്ടായിരുന്ന കാലത്തായിരുന്നു അവർ ഇത് അവരുടെ വകുപ്പിലാണ് വെളിപ്പെടുത്തേണ്ടിയിരുന്നതെന്നും ടി.ബി.മിനി പറഞ്ഞു.
വളരെ ഭീകരമായി കേസിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശ്രീലേഖ നടത്തിയ പ്രതികരണം അക്ഷന്തവ്യമായ തെറ്റാണ്. പൾസർ സുനിയെ മാത്രം കുറ്റക്കാരനാക്കി ദിലീപിനെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് അവർ നടത്തുന്നത്. ശ്രീലേഖ പറയുന്നതിൽ തന്നെ വൈരുധ്യമുണ്ട്. പൾസർ സുനി ക്വട്ടേഷൻ എടുക്കുന്ന ആളാണെന്ന് അവർ സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ആർക്കുവേണ്ടിയാണ് ഈ ക്വട്ടേഷൻ എടുത്തതെന്നാണ് പ്രസക്തമായ കാര്യം.
അങ്ങനെ വരുമ്പോൾ ദിലീപിലേക്ക് തന്നെയാണ് കാര്യങ്ങൾ എത്തുന്നത്. എന്തിനാണിവർ ദിലീപിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. ദിലീപിനെ ജയിലിൽ സന്ദർശിച്ച് സൗകര്യങ്ങൾ ചെയ്‌ത് കൊടുത്തത് തന്നെ തെറ്റാണ്. ദിലീപിനോട് അന്ന് തന്നെ ശ്രീലേഖ മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്നും അഡ്വക്കേറ്റ് ടി.ബി. മിനി ആരോപിച്ചു.