ഇന്ത്യന്‍ സിനിമയുടെ കഥ: ലൂമിയർ സഹോദരന്മാരിൽ നിന്ന് കടംകൊണ്ട ആശയവുമായി ലോകം സിനിമ (World Cinema) എന്ന ആശയവുമായി പിച്ചവച്ച് തുടങ്ങിയത് മുതൽ ഇന്ത്യയും സിനിമ എന്ന ഇന്ദ്രജാലത്തിന് പുറകെ യാത്ര ആരംഭിച്ചു. 1913ൽ ദാദാ സാഹിബ് ഫാൽക്കെ സംവിധാനം ചെയ്‌ത് പുറത്തിറക്കിയ രാജാ ഹരിചന്ദ്ര ഇന്ത്യൻ സിനിമയുടെ (Indian Cinema History) ചരിത്ര പുസ്‌തകത്തിന്‍റെ ആദ്യ താളുകളിൽ എഴുതിക്കുറിച്ചു. പിന്നീടങ്ങോട്ട് ഇന്ത്യൻ സിനിമ ഒരു ആൽമരം പോലെ വളർന്ന് പന്തലിച്ച ചരിത്രം എല്ലാവര്‍ക്കും സുപരിചിതമാണ്.
പ്രാദേശിക ഭാഷകളിൽ അധികം വൈകാതെ തന്നെ സിനിമ ജന്മമെടുത്തു. മലയാളിയെ സിനിമ കാണിക്കാൻ മുന്നിട്ടിറങ്ങിയത് മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയേൽ ആയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമ. പ്രാദേശിക ഭാഷകൾ എല്ലാം ചേർന്ന് വർഷം ആയിരത്തിലധികം സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയില്‍ നല്ലൊരു ഭാഗം സിനിമയുടെ സംഭാവനയാണ്.
കഥാപരമായും സങ്കേതികമായും ലോക സിനിമയോട് കിടപിടിക്കുന്ന തരത്തിൽ ഇന്ത്യൻ സിനിമ വളർന്നു, എന്നാല്‍ ലോക സിനിമയോട് ആശയപരമായി മാത്രമേ ഇന്ത്യൻ സിനിമയെ താരതമ്യം ചെയ്യാൻ കഴിയൂ. സാങ്കേതികവിദ്യ,പ്രൊഡക്‌ഷന്‍ എന്നീവക കാര്യങ്ങളില്‍ ലോക സിനിമയ്‌ക്കൊപ്പം വളരാൻ ഇന്ത്യൻ സിനിമയ്ക്ക് ഇന്നുമായിട്ടില്ലെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
നിറ സാനിധ്യമറിയിച്ച് മലയാള സിനിമ: ഇന്ത്യൻ സിനിമയ്ക്ക് ഒപ്പം വളരാൻ മലയാള സിനിമയ്ക്ക് ആയിട്ടുണ്ട്. ഇന്ത്യയിലെ സിനിമ പ്രവർത്തകരും നിരൂപകരും അസൂയയോടെ മലയാള സിനിമയെ ഉറ്റു നോക്കുകയാണ്. എന്നാൽ, പ്രാദേശിക ഭാഷകൾ ബോളിവുഡിനൊപ്പം തോളോട് തോൾ വളരുമ്പോഴും മലയാള സിനിമകളുടെ വ്യാവസായിക മൂല്യം താരതമ്യേന കുറവാണ്.
തമിഴ്, തെലുഗു, കന്നഡ സിനിമകളിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്ന ചെലവിലാണ് പല ബിഗ് ബജറ്റ് മലയാള ചിത്രങ്ങളുടെയും നിർമാണ ചെലവ്. പക്ഷേ ഇന്ത്യൻ സിനിമ മലയാളത്തിന്‍റെ നിഴലിലാണ് എന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാകേണ്ട കാര്യമില്ല. മലയാള ആശയങ്ങളും ടെക്‌നീഷ്യൻസിന്‍റെ സഹായവും ഇന്ത്യൻ സിനിമയുടെ ആരംഭ ഘട്ടത്തിൽ തന്നെ മുതൽക്കൂട്ടായിട്ടുണ്ട്.
എ വിന്‍സന്‍റ്, സിനിമയ്‌ക്കു പിന്നിലെ ഉള്‍ക്കാഴ്‌ച: ഇന്ത്യൻ സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാൾ മലയാളിയാണ്. ഛായാഗ്രാഹകനും സംവിധായകനുമായ എ വിൻസെന്‍റിനെ (A Vincent) ലോക സിനിമ അത്ഭുതത്തോടെ നോക്കിയ കാലം. 1928ൽ കോഴിക്കോട് ജനിച്ച വിൻസെന്‍റ് ഇന്ത്യൻ സിനിമയെ ലോകസിനിമയ്ക്ക് മുന്നിലെത്തിച്ച വ്യക്തിയാണ്.
ലോകസിനിമ ഫിലിം മാഗസിനിൽ ഷൂട്ട് ചെയ്യുന്ന കാലം. 'സിനിമയുടെ ആശയങ്ങൾ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ പരിഷ്‌കരിക്കാൻ ലോക സിനിമ ഏറെ മുൻപേ തുടങ്ങിക്കഴിഞ്ഞിരുന്നു'. 50 കളുടെ തുടക്കത്തിൽ തന്നെ ലോക സിനിമയിൽ ടെക്‌നിക്കൽ വളർച്ചകൾ വന്നു. ഇന്ത്യ അത്തരം ടെക്നോളജികളിലേക്ക് എത്തി തുടങ്ങുന്നത് തന്നെ തൊണ്ണൂറുകൾക്ക് ശേഷമാണ്. ഇന്ത്യൻ സിനിമ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്‍റെ അനന്തസാധ്യതകൾ തേടി നടക്കുമ്പോൾ ആദ്യത്തെ ലൈവ് ആക്ഷൻ സിനിമ കേരളത്തിൽ പിറന്ന് കഴിഞ്ഞിരുന്നു.
ഓഫാബിക്ക് എന്തുപറ്റി?
ഏഷ്യയിലെ തന്നെ ആദ്യത്തെ ലൈവ് ആക്ഷൻ ഹൈബ്രിഡ് ഫിലിമാണ് ഓഫാബി (O' Faby). ശ്രീകുമാർ കൃഷ്‌ണൻ നായർ സംവിധാനം ചെയ്‌ത ചിത്രം പക്ഷേ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചില്ലെന്ന് വേണം പറയാൻ. എന്തുകൊണ്ടോ ഈ നേട്ടം മലയാള സിനിമയുടെ തലതൊട്ടപ്പന്മാർ പോലും അംഗീകരിച്ചിരുന്നില്ല.
ലൈവ് ആക്ഷൻ സിനിമകളുടെ ഗണത്തിൽ കമൽഹാസൻ (Kamal Haasan) ചിത്രം ആളവന്താൻ (Aalavandhan) ചേർത്തുപറയും. കിൽബിൽ അടക്കമുള്ള സിനിമകൾ ആളവന്താനിലെ ലൈവ് ആക്ഷൻ രംഗങ്ങൾ കടമെടുത്തു എന്ന് അഭിമാനത്തോടെ പറയും. എന്നാൽ, ആളവന്താൻ റിലീസ് ആകുന്നതിനും എത്രയോ മുമ്പ് ഓഫാബി റിലീസ് ചെയ്‌തിരുന്നു.
ജപ്പാനും ചൈനയും കൊറിയയും മംഗോളിയനും അങ്ങനെ നിരവധി സിനിമകൾ കമ്പ്യൂട്ടർ ജനറേറ്റഡ് കഥാപാത്രങ്ങളെ എങ്ങനെ സിനിമയിൽ ഉൾപ്പെടുത്തണമെന്ന് ആലോചിച്ച് തലപുകയ്ക്കുമ്പോഴാണ് മലയാളം സിനിമ ഈ നേട്ടം കൊയ്യുന്നത്.
ശിവാജിയുടെ ഒമ്പത് വേഷങ്ങളും പിന്നിലെ സാഹസികതയും: ലോക സിനിമയുടെ തന്നെ അത്ഭുതമാണ് 1964ൽ റിലീസ് ചെയ്‌ത തമിഴ് സിനിമ നവരാത്രി. ഒൻപത് കഥാപാത്രങ്ങളായി ശിവാജി ഗണേശൻ ഒറ്റ ഫ്രെയിമിൽ കടന്നുവരുന്ന രംഗം ലോക സിനിമയെ അത്ഭുതപ്പെടുത്തിയിരുന്നു. എ പി നാഗരാജന്‍റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രമാണ് നവരാത്രി (Navarathri). സുബാ റാവു ആണ് ഛായാഗ്രഹണം. സിനിമയുടെ ക്ലൈമാക്‌സ് രംഗത്ത് ശിവാജി ഗണേശന്‍റെ ഒൻപത് കഥാപാത്രങ്ങൾ ഒരുമിച്ചു വരുന്ന ഒരു രംഗമുണ്ട്.
ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ ഉപയോഗിച്ച് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കാനുള്ള മാർഗം അന്നില്ല. അത് ചെയ്യാൻ സാധിക്കുന്നത് ക്യാമറ ഉപയോഗിച്ച് മാത്രമാണ്. ക്യാമറയുടെ ലെൻസിന് മുകളിൽ പ്രകാശം ഫിലിമിലേക്ക് പതിക്കുന്ന ഭാഗം മുഴുവൻ കറുത്ത കടലാസ് കൊണ്ട് മറയ്ക്കും. ശേഷം പ്രകാശം പതിക്കുന്ന ഭാഗത്ത് ആദ്യത്തെ കഥാപാത്രത്തിന്‍റെ രൂപം അണിഞ്ഞ ശിവാജി ഗണേശൻ പ്രത്യക്ഷപ്പെടുന്നു.
ഒന്നാമത്തെ കഥാപാത്രം ചിത്രീകരിച്ചു കഴിഞ്ഞാൽ എക്സ്പോസ് ആയ ഫിലിമിന്‍റെ ഭാഗം മറച്ച് മറുഭാഗങ്ങൾ പ്രകാശം പതിക്കാൻ സജ്ജമാക്കും. ഷൂട്ട് ചെയ്‌ത ഫിലിം റീവൈൻഡ് ചെയ്‌ത് ആദ്യ രംഗം ഷൂട്ട് ചെയ്‌ത അതേ പൊസിഷനിൽ കണ്ടെത്തും. വീണ്ടും റെക്കോർഡ് ചെയ്യുമ്പോൾ നേരത്തെ കറുത്ത കടലാസ് കൊണ്ട് മറച്ച ഭാഗത്ത് രണ്ടാമത്തെ കഥാപാത്രം എക്‌സ്‌പ്രസ് ആകുന്നു.
ഫിലിം ഡെവലപ്പ് ചെയ്‌താൽ ഒരു ഫ്രെയിമിൽ രണ്ടു കഥാപാത്രങ്ങൾ വന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ ഒരു ഫ്രയിമിൽ ഒൻപത് കഥാപാത്രങ്ങളെ കൊണ്ടുവരേണ്ട ചുമതല ക്യാമറാമാനായി. 40,000 അടിയോളം മാഗസിൻ ഇതിനായി വേസ്റ്റ് ചെയ്‌തു.
ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫേഴ്‌സ് ഈ രംഗം ചിത്രീകരിക്കാനായി എവിഎം സ്റ്റുഡിയോയിലേക്ക് വന്നിറങ്ങിയെങ്കിലും പരാജയമായിരുന്നു ഫലം. അങ്ങനെയാണ് വിൻസെന്‍റിനെ ഇത് ചെയ്യാനായി ക്ഷണിക്കുന്നത്. വിൻസെന്‍റിന്‍റെ ആദ്യ ഉദ്യമം തന്നെ വിജയിച്ചു.
ഏതാനും മണിക്കൂറുകൾ കൊണ്ട് രംഗം ചിത്രീകരിച്ചു നൽകി. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ നോക്കിക്കണ്ട നിമിഷമായിരുന്നു അത്.
അടൂരിനൊപ്പം വേണുജി കൂട്ടിച്ചേര്‍ത്ത കാര്യം:
അക്കാലത്ത് പല ഇംഗ്ലീഷ് സംവിധായകരും നവരാത്രി സിനിമയിലെ ഈ രംഗത്തെക്കുറിച്ച് ആർട്ടിക്കിൾ എഴുതിയിട്ടുണ്ടെന്ന് മലയാളത്തിലെ പ്രശസ്‌ത ചായാഗ്രഹക സഹായിയായിരുന്ന തിരുവനന്തപുരം സ്വദേശി വേണുജി ഇടിവി ഭാരതിനോട് പറഞ്ഞു.
ലോകസിനിമയോളം ഇന്ത്യൻ സിനിമ വളർന്നിട്ടുണ്ടാകില്ല. പക്ഷേ ലോകസിനിമയെ അത്ഭുതപ്പെടുത്തുന്ന പല സംഭവവികാസങ്ങളും ഇന്ത്യൻ സിനിമയിൽ സംഭവിച്ചിട്ടുണ്ടെന്നും വേണുജി പറയുന്നു.