കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും ഗായികയുമായ റിമി ടോമിയുടെ സാക്ഷി വിസ്‌താരം തുടങ്ങി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിസ്‌താരം പുരോഗമിക്കുന്നത്. അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായാണ് സാക്ഷിവിസ്‌താരം. ഈ കേസിലെ എട്ടാം പ്രതി നടൻ ദിലീപും ആക്രമണത്തിനിരയായ നടിയും പങ്കെടുത്ത അമേരിക്കൻ പ്രോഗ്രാം ടൂറിൽ റിമി ടോമിയുമുണ്ടായിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിൽ യാത്രക്കിടെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിമി നേരത്തെ മൊഴി നൽകിയിരുന്നു. ദിലീപിനെതിരായ മൊഴിയിൽ റിമി ടോമി ഉറച്ചുനിൽക്കുമോയെന്നത് ഈ കേസിൽ നിർണായകമാണ്. പ്രോസിക്യൂഷൻ വിസ്‌താരത്തിന് ശേഷം പ്രതികളുടെ അഭിഭാഷകരുടെ എതിർ വിസ്‌താരവും നടക്കും. പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സനെയും കോടതി ഇന്ന് വിസ്‌തരിക്കും.
നടൻ കുഞ്ചാക്കോ ബോബൻ, നടനും എംഎൽഎയുമായ മുകേഷ് എന്നിവരുടെയും സാക്ഷി വിസ്‌താരം ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്ക് ചൂണ്ടികാണിച്ച് കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ തവണ സാക്ഷിവിസ്‌താരത്തിന് ഹാജരാകാതിരുന്ന നടനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിയമസഭ നടക്കുന്ന സാഹചര്യത്തിൽ സാക്ഷിവിസ്‌താരത്തിന് ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് നടൻ മുകേഷും പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ട്. ജനുവരി മുപ്പതിന് ആരംഭിച്ച ഒന്നാം ഘട്ട സാക്ഷിവിസ്‌താരം ഏപ്രിൽ ഏഴ് വരെ നീണ്ടുനിൽക്കും. 35 ദിവസം കൊണ്ട് 136 സാക്ഷികളെയാണ് വിസ്‌തരിക്കുന്നത്.