കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടൻ ദിലീപിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അപകീർത്തികരമായ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്. വിചാരണക്കോടതി വിടുതൽ ഹര്‍ജിയില്‍ വിശദമായി വാദം കേട്ടിരുന്നു. തന്നെ പ്രതിയാക്കി വിചാരണ ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ദിലീപിന്‍റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഹർജിയിലെ വിവരങ്ങൾ രഹസ്യമായിരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. അതേസമയം കേസിലെ നിര്‍ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക്ക് ലബോറട്ടറിയിലേക്ക് അയക്കാന്‍ അനുമതി തേടി ദിലീപ് കോടതിയില്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പരിശോധനക്ക് അയക്കാനായി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ വേണമെന്നറിയിക്കാന്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച് ദിലീപ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കി കോടതിക്ക് കൈമാറിയിട്ടുണ്ട്. കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദം നടക്കാനിരിക്കെയാണ്, വിചാരണ കോടതിയിൽ ദിലീപ് വിടുതൽ ഹർജി നൽകിയത്. വിചാരണ നടപടികൾ വൈകിപ്പിക്കുന്നതിനുള്ള ദിലീപിന്റെ തന്ത്രമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. വിചാരണ കോടതിയിൽ നിന്നും വിടുതൽ ഹർജിയിൽ പ്രതികൂല തീരുമാനമുണ്ടായാൽ ദിലീപിന് മേൽക്കോടതിയെ സമീപിക്കാൻ കഴിയും.