എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ക്ലോൺഡ് കോപ്പി, മിറർ ഇമേജ് എന്നിവ സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി. കേസിന്‍റെ തുടരന്വേഷണ സമയപരിധി മൂന്നാഴ്ച കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജി പരിഗണിക്കവെയാണ് മെമ്മറി കാർഡിന്‍റെ ക്ലോൺഡ് കോപ്പി, മിറർ ഇമേജ് എന്നിവ സമർപ്പിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയത്.
പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് കോടതി നടപടി. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലുള്ള ക്ലോൺഡ് കോപ്പിയും, മിറർ ഇമേജും കൈപ്പറ്റി തിങ്കളാഴ്ച മുദ്രവച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിക്കാനാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അന്വേഷണ സംഘത്തിന് നൽകിയ നിർദേശം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിലും വിശദമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
എന്നാൽ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് എന്ത് പ്രസക്തി ആണെന്നായിരുന്നു ഇതിന് കോടതിയുടെ മറു ചോദ്യം. തുടരന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് തയ്യാറാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം സമയപരിധി നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ച് ഹർജിയെ ദിലീപ് തുറന്നെതിർത്തു. കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിനെ കുറിച്ച് തെറ്റായ റിപ്പോർട്ട് ഫോറൻസിക് ലാബിനെ ഉപയോഗിച്ച് ഉണ്ടാക്കാനാണ് പരിശോധന ആവശ്യപ്പെട്ടതെന്ന് വ്യക്തമായെന്നും മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതും അന്വേഷണവും തമ്മിൽ ബന്ധമില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയതാണെന്നും ദിലീപ് അറിയിച്ചു.
അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം വിചാരണ കോടതിയാണെന്നും ദിലീപ് വാദമുയർത്തി. തുടരന്വേഷണത്തിന് സമയ പരിധി നീട്ടി നൽകണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.