എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻ ലാലിനെ ഇന്നും കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. വിപിൻ ലാലിനെ ഇന്ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും വിചാരണ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിപിൻലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചതായും വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്.
മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ കഴിയുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസിൽ വിപിൻ ലാലിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ പിന്നീട് വിയ്യൂർ ജയിലിലേക്ക് മാറ്റി. ആദ്യ കേസിൽ ജാമ്യം ലഭിക്കുകയും നടിയെ അക്രമിച്ച കേസിൽ മാപ്പുസാക്ഷിയാക്കുകയും ചെയ്‌തതോടെ ഇയാളെ മോചിപ്പിച്ചിരുന്നു. ക്രിമിനൽ നടപടി പ്രകാരം കസ്റ്റഡിയിൽ കഴിയുന്ന പ്രതി മാപ്പുസാക്ഷിയായാൽ വിചാരണ കഴിയുന്നത് വരെ ജയിലിൽ കഴിയണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കാതെയായിരുന്നു വിപിൻ ലാലിനെ ജയിലിൽ നിന്നും വിട്ടയച്ചത്. ഇതിനെതിരായ പരാതിയിലായിരുന്നു വിപിൻ ലാലിനെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ വിചാരണ കോടതി ഉത്തരവിട്ടത്.
ജനുവരി ഇരുപത്തിയൊന്നിന് വിപിനെ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നായിരുന്നു ജനുവരി 23 ന് ഹാജരാക്കാൻ വിചാരണ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.