എറണാകുളം : നടിയെ ആക്രമിച്ചകേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഈ മാസം 28-ന്. ഹര്‍ജിയിന്‍മേലുള്ള വാദം വിചാരണ കോടതിയില്‍ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ അപേക്ഷയില്‍ വിചാരണക്കോടതി വിശദമായി വാദം കേട്ടിരുന്നു.
ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. പല വഴികളിലൂടെയും സാക്ഷികളെ സ്വാധീനിച്ചു. ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്താൻ പ്രതി ശ്രമിച്ചു തുടങ്ങിയ വാദങ്ങളും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവായി ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്‌ദസന്ദേശമുള്ള പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധനാഫലവും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്‌ത സംഭാഷണത്തിൻ്റെ യഥാർഥ തീയതികൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൃത്യമായ തീയതി പ്രധാനപ്പെട്ട ഒന്നാണെന്ന് കോടതി പ്രോസിക്യൂഷനോട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ റെക്കോഡ് ചെയ്‌ത ശബ്‌ദരേഖയില്‍ സംഭാഷണത്തിന്‍റെ ശബ്‌ദം വര്‍ധിപ്പിച്ചതിനാലാണ് തീയതി കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ദിലീപിന്‍റെ ജാമ്യം റദ്ദാക്കാന്‍ നിലവിലുള്ള തെളിവുകള്‍ മതിയെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ പുകമറ സൃഷ്‌ടിക്കാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആരോപണം.
ദിലീപിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ തിരക്കഥയാണ് കേസിന് ആധാരം. അദ്ദേഹത്തിന്‍റെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.