എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്തിന്‍റെ സാക്ഷി വിസ്‌താരം പൂർത്തിയായി. കൊച്ചിയിലെ വിചാരണ കോടതിയിൽ രഹസ്യ വിസ്‌താരമാണ് നടന്നത്. അതേസമയം നടി കാവ്യാ മാധവൻ്റെ വിസ്‌താരം മാറ്റിവെച്ചു. സാക്ഷിപ്പട്ടികയിലുള്ള കാവ്യാ മാധവനോട് ഇന്ന് ഹാജരാകാൻ വിചാരണ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വിസ്‌താരത്തിനായി കാവ്യ മാധവൻ കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായെങ്കിലും രണ്ട് സാക്ഷികളുടെ വിസ്‌താരം നടക്കുന്നതിനാൽ വിസ്‌തരിച്ചില്ല. മറ്റൊരു ദിവസം ഹാജരാകാൻ നിർദേശിച്ച് കാവ്യാ മാധവന് കോടതി വീണ്ടും സമൻസയക്കും.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള 127 പേരുടെ വിസ്‌താരമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ലോക്ക്‌ഡൗണും വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്‍റെയും ഹർജിയും കാരണം വിചാരണ നടപടികൾ നീണ്ടു പോവുകയായിരുന്നു. നേരത്തെ നടിയെ ആകമിച്ച കേസിൽ വിചാരണ നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ സാഹചര്യം ചൂണ്ടികാണിച്ച് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയോട് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറുമാസം കൂടി സമയം അനുവദിച്ചത്.