എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദം ഇന്ന് തുടങ്ങും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വാദം കേൾക്കുക. ഒമ്പത് പ്രതികളുള്ള കേസിൽ ഏട്ടാം പ്രതിയും നടനുമായ ദിലീപിന്റെ കുറ്റപത്രത്തിൻമേലുള്ള പ്രാഥമിക വാദമാണ് ഇന്ന് നടക്കുക. ദിലീപ് ഒഴികെയുള്ള പ്രതികളുടെ അഭിഭാഷകർ തങ്ങളുടെ പ്രതികൾക്ക് പ്രാഥമിക വാദം ആവശ്യമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം നേരെത്തെ പൂർത്തിയാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീട്ടി കൊണ്ടുപോകാനുള്ള ബോധപൂർവമായ ശ്രമം പ്രതികൾ നടത്തിയിരുന്നു. ഇതിനായി വിവിധ ആവശ്യങ്ങളുന്നയിച്ച് നിരവധി ഹർജികൾ ഇവർ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് വ്യക്തമായി തിരിച്ചറിഞ്ഞ പ്രത്യേക വിചാരണ കോടതി ഈ കേസിൽ വിചാരണയിലേക്ക് കടക്കാതെ മറ്റു നടപടികളുമായി കേസ് നീട്ടി കൊണ്ടുപോകാനാകില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപെട്ട് സുപ്രീം കോടതിയെ സമീപിച്ച ദിലീപിന് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് വിചാരണ കോടതിയുടെ അനുമതിയോടെ ദിലീപുൾപ്പടെ ആറു പ്രതികൾ ഇന്നലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സാങ്കേതിക വിദഗ്ദന്റെയും അഭിഭാഷകനായ ബി.രാമൻ പിള്ളയുടെയും സാന്നിധ്യത്തിലാണ് ദിലീപ് ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ മറ്റു പ്രതികളെല്ലാം അഭിഭാഷകരുടെ സാന്നിധ്യത്തിൽ ഒരുമിച്ചാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.
ദൃശ്യ പരിശോധനയിൽ നിന്ന് ഉൾപ്പടെ മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാകും ദിലീപിന്റെ അഭിഭാഷകൻ കോടതിക്ക് മുന്നിൽ പ്രാഥമിക വാദം നടത്തുക. ഇതിന് ശേഷമായിരിക്കും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടികളും സാക്ഷിവിസ്താര മുൾപ്പടെയുള്ള കാര്യങ്ങളിലേക്കും കടക്കുക.