എറണാകുളം : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ച് നാളെ (25.05.2022) പരിഗണിക്കും. നടി ആവശ്യപ്പെട്ട പ്രകാരം ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു.
നടി നൽകിയ മറ്റൊരു ഹർജി കീഴ്‌ക്കോടതിയില്‍ പരിഗണിച്ചതിനാൽ ഈ കേസിൽ വാദം കേൾക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. രാഷ്ട്രീയ സമ്മർദത്തിന്‍റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഭരണ മുന്നണിയിലെ ചില രാഷ്ട്രീയക്കാരും ഇതിനായി സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതിജീവിത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കൂടാതെ ആക്രമണ ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള താൽപ്പര്യമാണ് വിചാരണ കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ ആക്ഷേപമുണ്ടായിരുന്നു.
Also Read: അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍: നിര്‍ണായക തീരുമാനം ഉണ്ടായേക്കും
അതേസമയം ജഡ്ജിയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കി അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഹര്‍ജിക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. എന്നാല്‍ ഹര്‍ജിക്ക് പിന്നില്‍ പ്രതിപക്ഷമാണെന്ന് ആരോപിച്ച് അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഇടതുമുന്നണിയെന്ന് വിഡി സതീശനും പ്രതികരിച്ചു.