എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് വിചാരണ കോടതി. ഹൈക്കോടതിയിൽ ആണ് വിചാരണക്കോടതി നിലപാട് അറിയിച്ചത്. സമയം നീട്ടി ചോദിച്ച് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയതായും വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജിയിലായിരുന്നു കോടതി നിർദേശം. തുടർന്നാണ് വിചാരണക്കോടതി റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ പൾസർ സുനിയ്‌ക്കെതിരെ അതിജീവത നൽകിയ മൊഴിയും ഹാജരാക്കാൻ വിചാരണ കോടതിയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ജാമ്യ ഹർജി ഈമാസം 27ന് കോടതി വീണ്ടും പരിഗണിക്കും. അതിനിടെ ദിലീപിന്‍റെ പങ്ക് തെളിയിക്കാൻ മഞ്ജു വാര്യരെ വീണ്ടും വിസ്‌തരിക്കേണ്ടത് അനിവാര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
തനിക്ക് എതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ നിന്ന് പ്രോസിക്യൂഷനെ തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടികൊണ്ട് പോകാൻ ആണ് സാക്ഷികളെ വീണ്ടും വിസ്‌തരിക്കുന്നത് എന്ന വാദം അടിസ്ഥാനരഹിതമാണ് എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. മറുപടി സത്യവാങ്മൂലത്തിലൂടെയാണ് സർക്കർ ഇക്കാര്യം അറിയിച്ചത്.